ഭൂമി ഇടിഞ്ഞു താഴല്‍ പ്രതിഭാസത്തെതുടര്‍ന്ന് ജോഷിമഡില്‍ വിള്ളല്‍ വീണ വീടുകളുടെ എണ്ണം 782 ആയതായി ദുരന്ത നിവാരണ വകുപ്പ്. 148 വീടുകള്‍ പൂര്‍ണമായി വാസയോഗ്യമല്ലാതായതായും ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറി രഞ്ജിത് കുമാര്‍ സിന്‍ഹ അറിയിച്ചു. 223 കുടുംബങ്ങളെ ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചു. ഇന്നലെ മാത്രം 43 കുടുംബങ്ങളെ ഒഴിപ്പിച്ചു. വീടും ഭൂമിയും ഒഴിയേണ്ടി വന്ന കുടുംബങ്ങളുടെ പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനുമായി ഇതുവരെ 1.87 കോടി ചെലവിട്ടെന്നും ദുരന്ത നിവാരണ സേന വ്യക്തമാക്കി. വീടൊഴിഞ്ഞ എല്ലാ കുടുംബങ്ങള്‍ക്കും അടിയന്തര സഹായമായി 5000 രൂപ നല്‍കിയെന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു.
അതേസമയം ജോഷിമഡിനെയും ഓലിയേയും ബന്ധിപ്പിക്കുന്ന നാലരക്കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോപ് വേയുടെ പ്ലാറ്റ് ഫോമില്‍ ഭീമന്‍ വിള്ളല്‍. ഇതേതുടര്‍ന്ന് റോപ് വേ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ഭൂമി ഇടിഞ്ഞു താഴല്‍ പ്രതിഭാസത്തെതുടര്‍ന്ന് ജോഷിമഠില്‍ നിന്ന് കുടുംബങ്ങളെ ഒഴിപ്പിക്കുന്നതിനിടെയാണ് റോപ് വേക്കും ഭീഷണി ഉയര്‍ന്നിരിക്കുന്നത്. ജനുവരി 13ന് രാത്രിയാണ് റോപ് വേയുടെ ഒന്നാം നമ്പര്‍ തൂണിന്റെ പ്ലാറ്റ്‌ഫോമില്‍ ശക്തമായ വിള്ളല്‍ രൂപപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി റോപ് വേ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചതായി ഓപ്പറേഷനല്‍ മാനേജര്‍ ദിനേശ് ഭട്ട് പറഞ്ഞു. ഭൂമി ഇടിഞ്ഞുതാഴല്‍ പ്രതിഭാസം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ സൂചനയായും റോപ് വേ പ്ലാറ്റ് ഫോമിലെ വിള്ളല്‍ വിലയിരുത്തലുണ്ട്.
എന്നാല്‍ ജോഷിമഡില്‍ ഭൂമി ഇടിഞ്ഞു താഴുന്നത് സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ ഏജന്‍സികളെയും സ്ഥാപനങ്ങളേയും വിലക്കി കേന്ദ്ര സര്‍ക്കാര്‍. സാറ്റലൈറ്റ് ചിത്രങ്ങളെ ആധാരമാക്കി കഴിഞ്ഞ ദിവസം ഐ.എസ്.ആര്‍.ഒ നല്‍കിയ മുന്നറിയിപ്പിനു പിന്നാലെയാണ് വായ്മൂടിക്കെട്ടാനുള്ള കേന്ദ്രത്തിന്റെ ശ്രമം. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിനു പിന്നാലെ ദേശീയ ദുരന്ത നിവാരണ സേനയാണ് ഉത്തരവിറക്കിയത്. വ്യത്യസ്ത ഏജന്‍സികള്‍ വ്യത്യസ്ത വീക്ഷണങ്ങള്‍ പങ്കുവെക്കുന്നത് ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണ് വിലക്കിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
ജോഷിമഡില്‍ 12 ദിവസത്തിനിടെ ഭൂമി 5.4 സെന്റിമീറ്റര്‍ ഇടിഞ്ഞു താഴ്ന്നതായാണ് ഐ.എസ്.ആര്‍.ഒ വെളിപ്പെടുത്തിയത്. വൈകാതെ ജോഷിമഡ് പൂര്‍ണമായി ഇടിഞ്ഞു താഴുമെന്നും ഐ.എസ്.ആര്‍.ഒ മുന്നറിയിപ്പു നല്‍കിയിരുന്നു. ഹിമാലയത്തിലെ വന്‍തോതിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ജനരോഷം ശക്തമാണ്. ഐ.എസ്.ആര്‍.ഒ വെളിപ്പെടുത്തല്‍ ഈ പ്രതിഷേധങ്ങള്‍ക്ക് ആക്കം കൂട്ടുമെന്ന വിലയിരുത്തലാണ് സ്വയംഭരണാധികാരമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളൂടെ പോലും വായ്മൂടിക്കെട്ടാന്‍ കേന്ദ്രത്തെ പ്രേരിപ്പിക്കുന്നതെന്നാണ് വിവരം.
അതേസമയം കേന്ദ്ര സര്‍ക്കാര്‍ ഇടപെടലിനു പിന്നാലെ റിപ്പോര്‍ട്ട് ഐ.എസ്.ആര്‍.ഒ പിന്‍വലിച്ചു. തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിനാലാണ് റിപ്പോര്‍ട്ട് പിന്‍വലിച്ചതെന്നാണ് വിശദീകരണം. മേഖലയില്‍ ഒഴിപ്പിക്കല്‍ തുടരുന്നതിനിടെ പുറത്തുവന്ന ഐ.എസ്.ആര്‍.ഒ റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അതൃപ്തി അറിയിച്ചിരുന്നു. ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള ഏഴ് മാസത്തിനിടെ ജോഷിമഡ് ഒമ്പത് സെന്റിമീറ്റര്‍ താഴേക്ക് പോയെന്നും എന്നാല്‍ ജനുവരിയില്‍ 12 ദിവസത്തിനിടെ മാത്രം 5.4 സെന്റിമീറ്റര്‍ താഴ്ന്ന്, ഇടിഞ്ഞു താഴലിന് വേഗം കൂടിയെന്നുമായിരുന്നു ഐ.എസ്.ആര്‍.ഒ വെളിപ്പെടുത്തല്‍. ജനുവരി എട്ടിനും 27നും കാര്‍ട്ടോസാറ്റ് 2 എസ് ഉപഗ്രഹം പകര്‍ത്തി ബംഗളൂരുവിലെ നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്ററിലേക്ക് അയച്ച ജോഷിമഡിന്റെ ചിത്രങ്ങളെ ആധാരമാക്കിയാണ് ഭൂമി ഇടിഞ്ഞുതാഴുന്നതിന്റെ തോത് സംബന്ധിച്ച് ഐ.എസ്.ആര്‍.ഒ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഈ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ ഇടപെടലിനെതുടര്‍ന്ന് പിന്‍വലിച്ചത്.
ജോഷിമഡിലെ അവസ്ഥ പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും വരെ മറ്റ് ഏജന്‍സികളോ സര്‍ക്കാര്‍ സ്ഥാപനങ്ങളോ വിവരങ്ങള്‍ പങ്കു വെക്കരുതെന്നാണ് ഉത്തരവില്‍ പറയുന്നത്.