ജി 20 ഉച്ചകോടി രാജ്യത്തിന് അഭിമാനമെന്ന ടാഗ് ലൈനോടെ അവസാനിച്ചപ്പോള്‍ അതിനായി കുടിയിറക്കപ്പെട്ടവരുടെ പുനരധിവാസം എന്ന് എന്ന ചോദ്യം ബാക്കിയാകുന്നു. 5ലക്ഷത്തിലധികം പേരാണ് രാജ്യത്ത് കുടിയിറക്കപ്പെട്ടത്. ഡല്‍ഹിയില്‍ മാത്രം 30ലേറെ ചേരികള്‍ തകര്‍ത്തു. വിദേശ രാഷ്ട്രത്തലവന്‍മാര്‍ കാണാതിരിക്കാന്‍ ചേരികള്‍ക്ക് മുന്നില്‍ കെട്ടി ഉയര്‍ത്തിയ മതിലുകള്‍ പൊളിക്കണമെന്ന ആവശ്യവും ശക്തമാണ്.
ഒരായുസിന്റെ അധ്വാനം തകര്‍ത്ത് കളയുമ്പോള്‍ നെഞ്ച് പൊട്ടിക്കരഞ്ഞ മെഹ്‌റോളി നിവാസികള്‍, അര്‍ധരാത്രിയില്‍ എത്തി പൊലീസ് ചേരി ഒഴിപ്പിക്കുന്നത് നിസഹായതോടെ നോക്കി നിന്ന യമുന, പുസ്ത നിവാസികള്‍, പുലര്‍ച്ചെ ആവശ്യമുള്ളതെടുക്കും മുന്‍പ് ജെസിബി കൈകള്‍ എല്ലാം വലിച്ചുകൊണ്ട് പോകുന്നത് കണ്ട പ്രഗതി മൈതാനിലെ ചേരി നിവാസികള്‍…. ഇങ്ങനെ ചെറുതും വലുതുമായ നിരവധി ഒഴിപ്പിക്കലുകള്‍ക്കാണ് ഡല്‍ഹി കഴിഞ്ഞ 8 മാസക്കാലം സാക്ഷിയായയത്.
ഭവനരഹിതരായവര്‍ നിലവില്‍ സമീപത്തെ മരങ്ങള്‍ക്കടിയിലും ഡല്‍ഹിയുടെ അതിര്‍ത്തികളിലുമാണ് അഭയം പ്രാപിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ശൈത്യകാലത്തെ ഭയത്തോടെ ഓര്‍ക്കുകയാണിവര്‍. ഒഴിപ്പിക്കപ്പെട്ട ഇടങ്ങള്‍ ഏറെയും പാര്‍ക്കുകളും നടപ്പാതകളും പാക്കിങ് ഏരിയയുമൊക്കെയാക്കി. പിഡബ്ല്യുഡി, പുരാവസ്തു വകുപ്പ് ഹരിത ട്രൈബ്യൂണല്‍ തുടങ്ങിയവയുടെ ഉത്തരവ് പ്രകാരമായിരുന്നു നടപടി.
അനധികൃത നിര്‍മ്മാണങ്ങളാണ് പൊളിച്ചതെന്നും മൂന്ന് ഷെല്‍ട്ടര്‍ ഹോമുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നുമാണ് അധികൃതരുടെ വിശദീകരണം. അപ്പോഴും വിദേശ പ്രതിനിധികള്‍ കാണാതിരിക്കാന്‍ ചേരികള്‍ക്ക് മുന്നില്‍ കെട്ടി ഉയര്‍ത്തിയ മതിലുകള്‍ എന്ന് പൊളിക്കുമെന്നതില്‍ മറുപടിയില്ല. ജി 20 കഴിഞ്ഞ് വിദേശ നേതാക്കള്‍ മടങ്ങിയതിനാല്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ ഉടന്‍ പരിഹാരം കാണണമെന്നാണ് ഇവരുടെ ആവശ്യം.