ദോഹ: കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഖത്തര്‍ ചാരിറ്റിയുടെ സഹായം ലഭിച്ചത് ഒരു കോടി അറുപത് ലക്ഷം സിറിയക്കാര്‍ക്ക്. സിറിയക്കകത്തും പുറത്തുമുള്ള അഭയാര്‍ഥികള്‍ക്കാണ് സഹായം ലഭിച്ചത്. 2011 ഏപ്രില്‍ മുതല്‍ 2017 ഡിസംബര്‍ വരെയുള്ള കാലയളവിലാണ് ഈ സഹായം കൈമാറിയത്. ഭക്ഷണം, അഭയകേന്ദ്രങ്ങള്‍, ആരോഗ്യ, വിദ്യാഭ്യസ സഹായങ്ങള്‍ എന്നിവയാണ് പ്രധാനമായും നല്‍കിയത്. 544.5 മില്യണ്‍ ഖത്തര്‍ റിയാലാണ് ഈ സഹായ വിതരണത്തിന് ഖത്തര്‍ ചാരിറ്റി ചെലവിട്ടത്. സിറിയന്‍ അഭയാര്‍ഥികള്‍ക്ക് വലിയ സഹായമാകുന്ന പദ്ധതികളാണ് ഇക്കാലയളവില്‍ തങ്ങള്‍ നടപ്പിലാക്കിയതെന്ന് ഖത്തര്‍ ചാരിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി.
ഭക്ഷണ വിതരണ പദ്ധതികള്‍, റിലീഫ് സാധനങ്ങള്‍, ബേക്കറികള്‍ എന്നിവയുടെ സഹായം ലഭിച്ചത് 8,584,755 പേര്‍ക്കാണ്. 20,012704 പേര്‍ക്ക് വീട് വെക്കുന്നതിനും മറ്റ് ഭക്ഷ്യേതര സഹായങ്ങളും ലഭിച്ചു. 2,769,085 പേര്‍ക്ക് ആരോഗ്യ സഹായങ്ങളും 2,841,046 പേര്‍ക്ക് വിദ്യാഭ്യാസ സഹായങ്ങളും ഇക്കാലയളവില്‍ ലഭിച്ചു.
സിറിയക്കകത്തും പുറത്തും കഴിയുന്ന നിരവധി സിറിയന്‍ അഭയാര്‍ഥികള്‍ക്കും സഹായം എത്തിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഖത്തര്‍ ചാരിറ്റി വ്യക്തമാക്കി. തുര്‍ക്കി, ലബനാന്‍, ജോര്‍ദാന്‍, ഇറാഖ് എന്നിവിടങ്ങളില്‍ കഴിയുന്ന സിറിയന്‍ അഭയാര്‍ഥികള്‍ക്കെല്ലം സഹായമെത്തിക്കാന്‍ ഖത്തര്‍ ചാരിറ്റിക്ക് കഴിഞ്ഞിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2017ലാണ് സിറിയക്കകത്തും പുറത്തുമുള്ള അഭയാര്‍ഥികളില്‍ കൂടുതല്‍ പേര്‍ക്ക് സഹായം എത്തിക്കാന്‍ കഴിഞ്ഞതായും ഖത്തര്‍ ചാരിറ്റി അറിയിച്ചു.