X
    Categories: Newsworld

മുപ്പത് മിനിറ്റിനുള്ളില്‍ ഹൈഫയിലെത്തിയത് 100ലേറെ റോക്കറ്റുകള്‍; ഇസ്രാഈലില്‍ വന്‍ വ്യോമാക്രമണം

ലെബനാനില്‍ നിന്ന് ഇസ്രാഈലിനെ ലക്ഷ്യമിട്ട് റോക്കറ്റ് വര്‍ഷം. ഇന്നു രാവിലെ മുതല്‍ വടക്കന്‍ ഇസ്രാഈല്‍ നഗരമായ ഹൈഫയില്‍ വന്‍ വ്യോമാക്രമണമാണു നടക്കുന്നത്. അരമണിക്കൂറിനകം 100ലേറെ റോക്കറ്റുകള്‍ നഗരം ലക്ഷ്യമാക്കി എത്തിയതായി ഇസ്രാഈല്‍ സൈന്യം സ്ഥിരീകരിച്ചു. അതിനിടെ, ഹമാസ് ആക്രമണത്തില്‍ ഒരു ഇസ്രായേല്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു.

ഇന്നു രാവിലെ മുതല്‍ ഹൈഫയുടെ വിവിധ ഭാഗങ്ങളില്‍ നിരന്തരം അപായ സൈറണ്‍ മുഴങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഇസ്രാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അപ്പര്‍ ഗലീലി, സെന്‍ട്രല്‍ ഗലീലി, ഹൈഫ ബേ എന്നീ ഭാഗങ്ങളിലാണ് ആക്രമണമുണ്ടായത്. കിര്‍യത് യാം, കിര്‍യത് മോസ്‌കിന്‍ എന്നിവിടങ്ങളില്‍ നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഹൈഫയുടെ വിവിധ ഭാഗങ്ങളിലായി ഉഗ്രസ്‌ഫോടന ശബ്ദം കേട്ടതായി നാട്ടുകാരും സ്ഥിരീകരിച്ചിട്ടുണ്ട്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുല്ല ഏറ്റെടുത്തു. ഇന്നു രാവിലെ മുതല്‍ ഹൈഫ ലക്ഷ്യമാക്കി നിരവധി റോക്കറ്റുകള്‍ അയച്ചതായി ഹിസ്ബുല്ല പ്രസ്താവനയില്‍ അറിയിച്ചു. ഒക്ടോബര്‍ ഏഴ് ആക്രമണത്തിനുശേഷം വടക്കന്‍ ഇസ്രാഈല്‍ ലക്ഷ്യമിട്ടു നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിതെന്നാണ് ‘ടൈംസ് ഓഫ് ഇസ്രാഈല്‍’ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഭൂരിഭാഗം റോക്കറ്റുകളും ഐഎഎഫ് വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തതായി ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടിട്ടുണ്ട്. ഒരു സ്ത്രീക്ക് പരിക്കേറ്റിട്ടുണ്ട്. ചില വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി ടൈംസ് ഓഫ് ഇസ്രാഈല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഭൂമിയില്‍ പതിച്ച റോക്കറ്റുകള്‍ കാര്യമായ നഷ്ടങ്ങളുണ്ടാക്കിയിട്ടില്ലെന്ന് ഐഡിഎഫ് അവകാശപ്പെടുന്നു.

അതിനിടെ, വടക്കന്‍ ഗസ്സ അതിര്‍ത്തിയിലുണ്ടായ കരയാക്രമണത്തിനിടെയാണ് 20കാരനായ ഇസ്രാഈല്‍ സൈനികന്‍ കൊല്ലപ്പെട്ടത്. ബിസ്ലാമാഷ് ബ്രിഗേഡിന്റെ 17ാം ബറ്റാലിയന്‍ അംഗമായ സ്റ്റാഫ് സര്‍ജന്റ് നോം ഇസ്രാഈല്‍ അബ്ദു ആണു കൊല്ലപ്പെട്ടത്. ജബാലിയയില്‍ ഹമാസ് പോരാളികളുമായുള്ള ഏറ്റുമുട്ടലിലാണു സംഭവം. ഇന്നലെ ഹിസ്ബുല്ല ആക്രമണത്തില്‍ രണ്ടു സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

webdesk13: