ലക്‌നൗ: ബിജെപി അധികാരത്തില്‍ എത്തിയ ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കര്‍ശന നടപടികള്‍ നടപ്പിലായി തുടങ്ങി. യുപിയില്‍ ക്രമസമാധാന പാലനം ശക്തമാക്കാനുള്ള ആദിത്യനാഥിന്റെ നിര്‍ദേശത്തിനു പിന്നാലെ സംസ്ഥാനത്തെ നൂറില്‍ അധികം പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ കിട്ടി.
ക്രമസമാധാന പാലനം ഉറപ്പുവരുത്തുന്നതിനു മുന്തിയ പരിഗണന നല്‍കുമെന്ന ആദിത്യനാഥിന്റെ പ്രസ്താവനക്ക് പിന്നാലെ പൊലീസുകാരിലെ വിഷവിത്തുകളെ കണ്ടെത്താന്‍ ഡിജിപി ജാവേദ് അഹമ്മദ് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് സംസ്ഥാന പൊലീസിലെ കൂട്ട സസ്‌പെന്‍ഷന്‍ നടപടി. കൂടുതലായും ഗാസിയാബാദ്, മീററ്റ്, നോയിഡ എന്നിവിടങ്ങളിലെ പൊലീസുകാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അതേസമയം സസ്‌പെന്‍ഡ് ചെയ്ത പൊലീസുകാരില്‍ കൂടുതല്‍പ്പേരും കോണ്‍സ്റ്റബിള്‍ റാങ്കില്‍ ഉള്ളവരാണെന്നാണ് വിവരം. ലക്‌നൗവിലെ ഏഴ് ഇന്‍സ്െപക്ടര്‍മാരെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ ക്രമസമാധാനനില മെച്ചപ്പെടുത്താനുള്ള പ്രഖ്യാപിത ശ്രമത്തിലാണ് പുതിയ നടപടി. ബിജെപി പ്രകടനപത്രികയിലും ക്രമസമാധാന പാലനത്തിനു സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ലക്‌നൗവിലെ ഹസ്റത്ത്ഗഞ്ച് പൊലീസ് സ്റ്റേഷനില്‍ മിന്നല്‍ പരിശോധനയും നടത്തി.