ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പത്ത് പേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 101 ആയി. 11 സംസ്ഥാനങ്ങളിലാണ് ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അനാവശ്യ യാത്രകളും ഒത്തുചേരലുകളും ഒഴിവാക്കേണ്ട സമയമാണിതെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.
നിലവില്‍ ഡല്‍ഹിയില്‍ മാത്രം 20 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ പത്തുപേര്‍ ആശുപത്രി വിട്ടു. മഹാരാഷ്ട്രയില്‍ ഇതുവരെ 32 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. വ്യാഴാഴ്ച 14 പേര്‍ക്കാണ് രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. കര്‍ണാടകയില്‍ 5 പുതിയ കേസുകളും ഡല്‍ഹി, തെലങ്കാന സംസ്ഥാനങ്ങളില്‍ നാലുവീതവും ഗുജറാത്തില്‍ ഒരാള്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. കേരളത്തില്‍ 5 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് നാലുപേര്‍ക്ക് വൈറസ് ബാധ കണ്ടെത്തിയത്.
നേരത്തെ ഒമിക്രോണ്‍ കണ്ടെത്തിയ വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള രണ്ടുപേര്‍ക്കും കോംഗോയില്‍ നിന്ന് വന്ന 35കാരനായ എറണാകുളം സ്വദേശിക്കും യുകെയില്‍ നിന്നുവന്ന തിരുവനന്തപുരം സ്വദേശിനിയായ 22കാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ലോകത്തെ മൊത്തം കോവിഡ് കേസുകളില്‍ 2.4 ശതമാനവും വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ആണെന്നും ഇതിന് ഡെല്‍റ്റ വകഭേദത്തേക്കാള്‍ വ്യാപന ശേഷി കൂടുതലാണെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
രാജ്യത്ത് ഹൈ റിസ്‌ക് കാറ്റഗറിയില്‍പ്പെട്ട 19 ജില്ലകളുണ്ട്. ഇവിടെ കോവിഡ് വ്യാപനം വേഗത്തിലാണ്. ഒമിക്രോണ്‍ ആശങ്ക പടരുന്ന സാഹചര്യത്തില്‍ മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു.