ന്യൂഡല്‍ഹി: ജറൂസലേം ഇസ്രാഈല്‍ തലസ്ഥാനമാക്കിയുള്ള യു.എസ് തീരുമാനത്തെ പിന്തുണക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ജറൂസലേം വിഷയത്തില്‍ ഇന്ത്യയുടെ പ്രതികരണം തേടി അമേരിക്ക ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചപ്പോഴായായിരുന്നു ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.ഫലസ്തീന്‍ വിഷയത്തില്‍ ഇന്ത്യക്ക് സ്വതന്ത്ര നിലപാടാണെന്നും ഇതു തുടരുമെന്നും ഇന്ത്യ അറിയിച്ചു.
ഫലസ്തീന്‍ വിഷയത്തില്‍ ഇന്ത്യക്ക് സ്വതന്ത്രവും സ്ഥിരതയുള്ള നിലപാടാണാള്ളുത്. രാജ്യത്തിന് ഈ വിഷയത്തില്‍ വ്യക്തമായ കാഴ്ചപ്പാടും താല്‍പര്യങ്ങളുമുണ്ട്. ഇതില്‍ മൂന്നാമതൊരു കക്ഷിക് ഇടപെടാനാവില്ല. വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.
ഇസ്‌ലാം- ക്രിസ്ത്യന്‍-ജൂത മതവിശ്വാസികളുടെ വിശുദ്ധ നഗരമായ ജറൂസലേമിനെ കഴിഞ്ഞ ദിവസമാണ് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഇസ്രാഈല്‍ തലസ്ഥാനമായി അംഗീകരിക്കുന്നുവെന്ന് പ്രഖ്യാപിച്ചത്. തീരുമാനത്തെ പിന്തുണക്കില്ലെന്ന് ബ്രിട്ടനടക്കം ലോക രാജ്യങ്ങള്‍ അറിയിച്ചിരുന്നു. ജറൂസലേമിനെ ഇസ്രാഈല്‍ തലസ്ഥാനമായി അംഗീകരിക്കുന്ന ആദ്യ രാജ്യമാണ് അമേരിക്ക.