X
    Categories: NewsSports

ദക്ഷിണാഫ്രിക്കയില്‍ നമ്മുടെ ഐ.പി.എല്‍

ജോഹന്നാസ്ബര്‍ഗ്ഗ്: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇതാദ്യമായി നടത്തുന്ന ടി-20 ക്രിക്കറ്റ് ലീഗിന് ഐ.പി.എല്‍ വിലാസം. അടുത്ത വര്‍ഷം ജനുവരിയില്‍ ആരംഭിക്കുന്ന ലീഗിലെ ആറ് ടീമുകളെ സ്വന്തമാക്കിയിരിക്കുന്നത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഉടമകളാണ്. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവരാണ് ആറ് ടീമുകളെ സ്വന്തമാക്കിയിരിക്കുന്നത്.

ജോഹന്നാസ്ബര്‍ഗ് ടീമിനെയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. കേപ്ടൗണ്‍ ടീമിനൊപ്പം മുംബൈ ഇന്ത്യന്‍സ്. പോര്‍ട്ട് എലിസബത്ത് സംഘത്തെയാണ് സണ്‍റൈസേഴ്‌സ് കരസ്ഥമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പുതിയ ടീമായ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ സ്വന്തമാക്കാന്‍ 7090 കോടി മുതല്‍ മുടക്കിയ സന്‍ജീവ് ഗോയങ്ക ഗ്രൂപ്പ് വന്‍വിലക്കാണ് ഡര്‍ബന്‍ ടീമിനെ സ്വന്തമാക്കിയിരിക്കുന്നത്. പേള്‍ ടീമിനെയാണ് രാജസ്ഥാന്‍ റോയല്‍സ് എടുത്തിരിക്കുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പാര്‍ട്ണര്‍മാരില്‍ ഒരാളായ പാര്‍ത് ജിന്‍ഡാലാണ് പ്രിട്ടോറിയ ടീമിനെ വാങ്ങിയത്. ടീ-20 ലീഗിന്റെ തലവനായി ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകന്‍ ഗ്രയീം സ്മിത്തിനെ ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക പ്രഖ്യാപിച്ചിട്ടുണ്ട്.

Chandrika Web: