X

വന്ദേഭാരതിനു വേണ്ടി വഴിമാറി മറ്റു ട്രെയിനുകള്‍; വഴിയില്‍ കുടുങ്ങി യാത്രക്കാര്‍

തിരുവനന്തപുരത്തിനും കാസര്‍കോടിനുമിടയില്‍ രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ ഓടിത്തുടങ്ങിയതോടെ പതിവു ട്രെയിനുകളുടെ ഓട്ടം അലങ്കോലപ്പെട്ട അവസ്ഥയായി. വന്ദേഭാരതിനു തടസ്സമില്ലാതെ കടന്നുപോകാന്‍ മറ്റു ട്രെയിനുകളെ വഴിയില്‍ പിടിച്ചിടുന്നതാണു വ്യാപക പരാതിക്ക് ഇടയാക്കുന്നത്. സിഗ്‌നല്‍ തകരാര്‍, മണ്ണിടിച്ചില്‍ എന്നിവ കൂടിയാകുന്നതോടെ യാത്രാ ദുരിതം ഇരട്ടിയാകുന്നു.ആലപ്പുഴ വഴി 69 കിമീ ഒറ്റവരിപ്പാതയായതിനാല്‍ ഏറ്റവും കൂടുതല്‍ ട്രെയിനുകള്‍ പിടിച്ചിടുന്നതും ആ റൂട്ടിലാണ്.

കാസര്‍കോട്ടേയ്ക്കുള്ള വന്ദേഭാരത് കടന്നു പോകുമ്പോള്‍ തിരുവനന്തപുരം ഭാഗത്തേക്കുള്ള ജനശതാബ്ദി എക്‌സ്പ്രസ്, ഏറനാട് എക്‌സ്പ്രസ്, ആലപ്പുഴ- എറണാകുളം സ്‌പെഷല്‍, എറണാകുളം- കായംകുളം സ്‌പെഷല്‍ എന്നിവ പിടിച്ചിടുന്നു. മിക്കവാറും 15 മിനിറ്റ് വൈകിയാണു വന്ദേഭാരത് ആലപ്പുഴയിലെത്തുന്നത്.

വൈകിട്ടുള്ള എറണാകുളം-കായംകുളം സ്‌പെഷല്‍, വന്ദേഭാരത് കടന്നു പോകാന്‍ കുമ്പളത്ത് 20 മിനിറ്റും ആലപ്പുഴ-എറണാകുളം സ്‌പെഷലിനായി തുറവൂരിലും 20 മിനിറ്റ് പിടിക്കുന്നതോടെ എന്നും വൈകിയാണ് ആലപ്പുഴയില്‍ എത്തുന്നത്. ട്രെയിനുകളുടെ സമയം പുനക്രമീകരിച്ചാല്‍ കുറച്ചു മാറ്റമുണ്ടാകുമെങ്കിലും അതു ചെയ്യുന്നില്ല.വന്ദേഭാരതിനു വേണ്ടി സമയം മാറ്റിയ 16307 ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് പല ദിവസങ്ങളിലും കോഴിക്കോട്ടെത്തുന്നത് മണിക്കൂറുകള്‍ വൈകി രാത്രി 11ന് ശേഷമാണ്.

ആലപ്പുഴ വഴിയുള്ള വന്ദേഭാരതിന് വേണ്ടി ലോകമാന്യതിലക് തിരുവനന്തപുരം നേത്രാവതി കാഞ്ഞങ്ങാട്ടും മംഗളൂരുനാഗര്‍കോവില്‍ പരശുറാം കോഴിക്കോട്ടുമാണു പിടിച്ചിടുന്നത്. കോട്ടയം വഴിയുള്ള വന്ദേഭാരത് പ്രധാനമായും ബാധിക്കുന്നതു തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്‌സ്പ്രസിനെയാണ്.

ഇരു ദിശയിലും പാലരുവി 20 മിനിറ്റ് വരെ പിടിച്ചിടുന്നുണ്ട്.പാലരുവിക്കു പുറമേ ചാലക്കുടിയില്‍ ഏറനാട്, ഷൊര്‍ണൂര്‍ ഔട്ടറില്‍ കണ്ണൂര്‍-കോയമ്പത്തൂര്‍, കോയമ്പത്തൂര്‍-മംഗളൂരു വണ്ടികളും പിടിച്ചിടുന്നു.

വന്ദേഭാരതിന്റെ (കോട്ടയം) മടക്കയാത്രയില്‍ കണ്ണൂര്‍-ഷൊര്‍ണൂര്‍ മെമു ഇടക്കോടും കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി പരപ്പനങ്ങാടിയിലും നിലമ്പൂര്‍-കോട്ടയം എക്‌സ്പ്രസ് പുതുക്കാടും 15 മുതല്‍ 20 മിനിറ്റ് വരെ പിടിക്കുന്നു. പ്രതിവാര ട്രെയിനുകളുടെ അവസ്ഥയും വ്യത്യസ്തമല്ല.

webdesk13: