കൊച്ചി: വന്ദേഭാരത് സര്‍വീസിന് വേണ്ടി മറ്റു ട്രെയിനുകള്‍ പിടിച്ചിടുകയും ലോക്കല്‍ ട്രെയിനുകളുടെ സമയത്തില്‍ തോന്നിയപടി മാറ്റം വരുത്തുകയും ചെയ്യുന്നതായി യാത്രക്കാരുടെ പരാതി. സിഗ്നല്‍ സംവിധാനം മെച്ചപ്പെടുത്താതെ മറ്റ് ട്രെയിനുകളുടെ സമയം കവര്‍ന്നാണ് വന്ദേഭാരത് സര്‍വീസ് നടത്തുന്നതെന്നും ട്രെയിന്‍ യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓണ്‍ റെയില്‍സ് കുറ്റപ്പെടുത്തി.
എറണാകുളം ഭാഗത്തേക്ക് പഠന, ജോലി ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്ന ആയിരക്കണക്കിന് യാത്രക്കാരെ പ്രതിസന്ധിയിലാക്കിയായിരുന്നു വന്ദേഭാരതിന്റെ ആദ്യ സര്‍വീസ്. ഇതേ ദുരിതമാണ് ഇപ്പോഴും തുടരുന്നത്. 25 മുതല്‍ 30 മിനിറ്റ് വരെയാണ് വന്ദേഭാരത് കടന്നുപോകാന്‍ മറ്റു ട്രെയിനുകള്‍ പിടിച്ചിടുന്നത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു തിരുവനന്തപുരം ഡിവിഷനില്‍ മാത്രമാണ് ട്രെയിനുകള്‍ ഇത്രയും കൂടുതല്‍ സമയം കാത്തുകിടക്കേണ്ടി വരുന്നത്.കാലഹരണപ്പെട്ടുപോയ സിഗ്നല്‍ സംവിധാനങ്ങളാണ് ഡിവിഷന്‍ ഇപ്പോഴും പിന്തുടരുന്നത്. വന്ദേഭാരതിന് നല്‍കുന്ന അമിത പ്രാധാന്യമാണ് യാത്രക്കാരെ വലയ്ക്കുന്നത്. ഇക്കാര്യം റെയില്‍വേയുടെ ശ്രദ്ധയില്‍പെടുത്തിയെന്നും ഭാരവാഹികള്‍ പറഞ്ഞു.