X
    Categories: MoreViews

ജി.എസ്.ടി നിരക്കുകള്‍ കുറച്ചത് ഗുജറാത്തില്‍ തോല്‍ക്കുമെന്ന് ഭയന്ന്; ശിവസേന

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തോല്‍ക്കുമെന്ന ഭയമാണ് ചരക്കുസേവനനികുതി നിരക്ക് വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്ന് ശിവസേന. ജിഎസ്ടി നിരക്കുകള്‍ വെട്ടിക്കുറയ്ക്കണമെന്ന് പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടപ്പോഴെല്ലാം കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത് എത്ര എതിര്‍പ്പുകള്‍ ഉയര്‍ന്നാലും ജിഎസ്ടി വിഷയത്തില്‍ വീട്ടുവീഴ്ച്ചയ്ക്കില്ലെന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ എന്തുകൊണ്ട് ഇതിന് തയ്യാറായെന്ന് ശിവസേന ചോദിക്കുന്നു.

ഏത് പ്രശ്‌നം ഉണ്ടായാലും അതില്‍ നിന്നും രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ഇവര്‍ വിദഗ്ധര്‍ ആണെന്ന് ബിജെപി നേതൃത്വത്തെ പരോക്ഷമായി പരാമര്‍ശിച്ച് ശിവസേന മുഖപത്രമായ സാമ്‌നയിലുടെ കുറ്റപ്പെടുത്തുന്നു.

കേന്ദ്രത്തില്‍ എന്‍ഡിഎ ഘടകകക്ഷിയായ ശിവസേന ഗുജറാത്തില്‍ തനിച്ചാണ്് മത്സരിക്കുന്നത്. ബിജെപി നേതാക്കള്‍ക്ക് ഗുജറാത്തിലെ ഗ്രാമങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാന്‍പോലും സാധിക്കാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. അവരെ ഗ്രാമങ്ങളില്‍ പ്രവേശിപ്പിക്കാന്‍ നാട്ടുകാര്‍ അനുവദിക്കുന്നില്ല.ബിജെപിയുടെ പോസ്റ്ററുകള്‍ നീക്കം ചെയ്യുന്നതായുളള റിപ്പോര്‍ട്ടുകള്‍ വരെ വരുന്നതായി മുഖപത്രത്തിലുടെ ശിവസേന ആരോപിച്ചു.

ചരക്കുസേവന നികുതി പണപ്പെരുപ്പനിരക്ക് വര്‍ധിക്കാന്‍ കാരണമായി. സാധാരണക്കാരുടെ കുടുംബബജറ്റ് ഇത് താറുമാറാക്കി. ചെറുകിടക്കാരെയും പാവങ്ങളെയുമാണ് ജിഎസ്ടി ഏറ്റവുമധികം ബാധിച്ചതെന്നും ശിവസേന ആരോപിച്ചു.

chandrika: