X
    Categories: More

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം സുഗമമാക്കാന്‍ ഒ.ടി.ജി കേബിള്‍

OTG Cable

ഇന്ന് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാത്തവര്‍ വിരളമാണ്. ഈ വര്‍ഷം അവസാനിക്കുമ്പോള്‍ ലോകത്തെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം 210 കോടി കവിയുമെന്നാണ് കണക്കുകള്‍. ഫോണ്‍ വിളിക്കാനുള്ള ഉപകരണം എന്നതില്‍ നിന്നുമാറി ജീവിതത്തില്‍ ഏതാണ്ടെല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന തലത്തിലേക്ക് സ്മാര്‍ട്ട്‌ഫോണ്‍ വളര്‍ന്നിരിക്കുന്നു. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം സുഗമമാക്കാന്‍ ഒ.ടി.ജി കേബിള്‍

സ്മാര്‍ട്ട്‌ഫോണ്‍ കൈവശം വെക്കുമ്പോഴും അതിലെ ഒട്ടുമിക്ക ഫങ്ഷനുകളും ഉപയോഗങ്ങളും പലര്‍ക്കും അറിയാറില്ല എന്നതാണ് സത്യം. അതുപോലെത്തന്നെയാണ് സ്മാര്‍ട്ട്‌ഫോണില്‍ ഉപയോഗിക്കാവുന്ന ‘ഒ.ടി.ജി’ (OTG – OnTheGo) കേബിളിന്റെ കഥയും. ഫോണിന്റെ അനുബന്ധ ഉപകരണങ്ങളായി ചാര്‍ജറും ഡേറ്റാ കേബിളും ഇയര്‍ഫോണുമെല്ലാം ഉപയോഗിക്കുമ്പോഴും അവയൊക്കെപ്പോലെ, ഒരുപക്ഷേ അവയേക്കാള്‍ ഉപയോഗപ്രദമായ ഒ.ടി.ജി അധികമാളുകളും ഉപയോഗിച്ചു കാണാറില്ല.

സ്മാര്‍ട്ട്‌ഫോണിന്റെ ചാര്‍ജിങ് പോയിന്റില്‍ കുത്തി ഉപയോഗിക്കാവുന്ന ഒരു ചെറിയ കേബിളാണ് ഒ.ടി.ജി എന്ന കക്ഷി. കേബിളിനു പകരം പെന്‍ഡ്രൈവ് പോലെയുള്ള ചെറു ഉപകരണമാവും ഒ.ടി.ജി ലഭ്യമാണ്. യു.എസ്.ബി കേബിള്‍ ഉള്ള ഒട്ടുമിക്ക ഉപകരണങ്ങളുമായും സ്മാര്‍ട്ട്‌ഫോണിനെ കണക്ട് ചെയ്യാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഉപകാരം. ഇന്ന് പുറത്തിറങ്ങുന്ന ഒട്ടുമിക്ക സ്മാര്‍ട്ട്‌ഫോണുകളും ഒ.ടി.ജി സപ്പോര്‍ട്ട് ഉള്ളവയാണ്.

ഒ.ടി.ജി കേബിളിന്റെ ചില ഉപകാരങ്ങള്‍ പരിചയപ്പെടാം.
1. പെന്‍ഡ്രൈവ് ഉപയോഗിക്കാം

പ്രധാനപ്പെട്ട ഏതെങ്കിലും ഫയല്‍ അല്ലെങ്കില്‍ വീഡിയോ നിങ്ങളുടെ പെന്‍ഡ്രൈവിലാണോ? ഒ.ടി.ജി ഉപയോഗിച്ച് അത് നിങ്ങളുടെ മൊബൈലില്‍ നിന്ന് ആക്‌സസ് ചെയ്യാം. ചെയ്യേണ്ടത് ഒ.ടി.ജിയുടെ ‘ഹോസ്റ്റ്’ ഭാഗത്ത് പെന്‍ഡ്രൈവ് ഘടിപ്പിക്കുക മാത്രം. യു.എസ്.ബി ഡ്രൈവ് ആയി പെന്‍ഡ്രൈവ് നിങ്ങളുടെ മൊബൈലില്‍ ദൃശ്യമാവും. ഫോണ്‍ സ്‌റ്റോറേജിനെ ബാധിക്കാത്ത വിധത്തില്‍ സിനിമ കാണാനും ഡോക്യുമെന്റുകള്‍ വായിക്കാനും ചിത്രങ്ങള്‍ കാണാനുമൊക്കെ ഇതുവഴി കഴിയും.

2. മൊബൈലിന് കീബോഡും മൗസും

കുറച്ചധികം ടൈപ്പ് ചെയ്യാനുണ്ടെങ്കില്‍ കൈവിരലുകള്‍ ഉപയോഗിച്ച് സ്‌ക്രീനില്‍ ടൈപ്പ് ചെയ്യുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. അതിനുള്ള പരിഹാരമാണ് കീബോഡിനെ ഒ.ടി.ജി ഉപയോഗിച്ച് നേരിട്ട് ഫോണുമായി കണക്ട് ചെയ്യുക എന്നത്. കീബോഡ് കണക്ടായാല്‍ ഉടന്‍ തന്നെ നിങ്ങള്‍ക്ക് കമ്പ്യൂട്ടറിലെന്ന പോലെ മൊബൈലിലും ടൈപ്പ് ചെയ്യാനാവും. കീബോഡ് മാത്രമല്ല, മൗസും ഇങ്ങനെ ഉപയോഗിക്കാം.

3. ഗെയിം കളിക്കാം

എക്‌സ്‌ബോക്‌സ് 360 അടക്കമുള്ള പല ഗെയിം കണ്‍ട്രോളറുകളും ഒ.ടി.ജി ഉപയോഗിച്ച് മൊബൈലുമായി കണക്ട് ചെയ്യാന്‍ കഴിയും. മൊബൈല്‍ സ്‌ക്രീനില്‍ തൊട്ടു കളിക്കുന്നതിനു പകരം ഇനി ഗെയിമിങ് കണ്‍ട്രോളര്‍ ഉപയോഗിച്ചു തന്നെ കളിക്കാന്‍ കഴിയും. ഫോണ്‍ മേശപ്പുറത്തോ സ്റ്റാന്‍ഡിലോ വെച്ച് ഗെയിം പൂര്‍ണമായി ആസ്വദിക്കാം.

4. കേബിള്‍ വഴിയും ഇന്റര്‍നെറ്റ്

വൈഫൈ അല്ലെങ്കില്‍ മൊബൈല്‍ ഡേറ്റ. ഇതാണ് സ്മാര്‍ട്ടുഫോണുകളില്‍ ഇന്റര്‍നെറ്റ് ആക്‌സസ് ചെയ്യാനുള്ള വഴികള്‍. എന്നാല്‍, കമ്പ്യൂട്ടറിലേക്ക് ഇന്റര്‍നെറ്റ് കണക്ട് ചെയ്യുന്ന എതര്‍നെറ്റ് വഴിയും ആന്‍ഡ്രോയ്ഡ് മൊബൈലില്‍ നെറ്റ് എടുക്കാം ഒ.ടി.ജി ഉണ്ടെങ്കില്‍. (യു.എസ്.ബി ഹോസ്റ്റിന് പകരം എതര്‍നെറ്റ് ഹോസ്റ്റ് ഉള്ള ഒ.ടി.ജി കേബിളുകളിലേ ഈ സൗകര്യം സാധ്യമാകൂ.)

5. ഡോക്യുമെന്റുകള്‍ പ്രിന്റ് ചെയ്യാം

ഫോണിലുള്ള ഡോക്യുമെന്റുകള്‍ ഒ.ടി.ജി വഴി പ്രിന്റ് ചെയ്യാനുള്ള സൗകര്യം പുതിയ സ്മാര്‍ട്ട്‌ഫോണുകളിലുണ്ട്. പ്രിന്റര്‍ കംപ്യൂട്ടറുമായി കണക്ട് ചെയ്തിരിക്കുന്ന യു.എസ്.ബി, ഒ.ടി.ജി വഴി മൊബൈലുമായി കണക്ട് ചെയ്യുകയാണ് ഇതിനു വേണ്ടത്. AppShare പോലുള്ള ആപ്പുകളുടെ സഹായത്തോടെ സുഗമമായി പ്രിന്റ് ചെയ്യാം.

6. ഫോണ്‍ ചാര്‍ജ് ചെയ്യാം

നിങ്ങളുടെ ഫോണില്‍ ബാറ്ററി തീരെ കുറവും സുഹൃത്തിന്റേതില്‍ ധാരാളവും ഉണ്ട് എന്നിരിക്കട്ടെ. സുഹൃത്തിന്റെ ഫോണിനെ ചാര്‍ജിങ് പോയിന്റായി ഉപയോഗിക്കാന്‍ ഒ.ടി.ജിയും ഡേറ്റാ കേബിളും മതി. ചാര്‍ജ് ഉള്ള ഫോണില്‍ ഒ.ടി.ജി കേബിള്‍ കണക്ട് ചെയ്യുകയും അതിലെ യു.എസ്.ബി ഹോസ്റ്റില്‍ ഡേറ്റാ കേബിള്‍ കണക്ട് ചെയ്യുകയും ചെയ്യുക. ബാക്കിയെല്ലാം സാധാരണ ചാര്‍ജര്‍ പോലെത്തന്നെ.

chandrika: