വാഷിങ്ടണ്‍: ആഭ്യന്തരയുദ്ധം തുടരുന്ന സിറിയയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ പ്രമേയമാക്കി നിര്‍മിച്ച വൈറ്റ് ഹെല്‍മറ്റ്‌സ് എന്ന ഡോക്യുമെന്ററിയുടെ ഛായാഗ്രാഹകന്‍ ഖാലിദ് ഖാത്തിബിന് അമേരിക്ക പ്രവേശനം നിഷേധിച്ചു.
ഡോക്യുമെന്ററി വിഭാഗത്തില്‍ ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചതിനെ തുടര്‍ന്ന് ഓസ്‌കര്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ ലോസ് ഏഞ്ചല്‍സിലേക്ക് പുറപ്പെടാനിരിക്കെയാണ് രാജ്യത്തേക്ക് പ്രവേശനം നിഷേധിച്ചുകൊണ്ട് യു.എസ് അധികൃതരുടെ അറിയിപ്പ് വന്നത്. ആക്ഷേപകരമായ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്ന് യു.എസ് ഹോംലാന്‍ഡ് സെക്യൂരിറ്റി വിഭാഗം പറയുന്നു.
യു.എസിലേക്ക് പോകാന്‍ തുര്‍ക്കിയിലെ ഇസ്തംബൂള്‍ വിമാനത്താവളത്തില്‍ എത്തിയെങ്കിലും കാത്തിബിന് അവസാന നിമിഷം യാത്ര ഉപേക്ഷിക്കേണ്ടിവന്നു. കഴിഞ്ഞയാഴ്ച ഇസ്തംബൂളില്‍ തുര്‍ക്കി അധികാരികള്‍ കാത്തിബിനെ കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുണ്ട്. തുര്‍ക്കിയില്‍ എന്തിനാണ് അദ്ദേഹം അറസ്റ്റിലായതെന്നോ ഇപ്പോള്‍ എവിടെയാണ് ഉള്ളതെന്നോ വ്യക്തമല്ല. സംഭവ ത്തോട് തുര്‍ക്കി പ്രതികരിച്ചിട്ടില്ല.
നേരത്തെ സിറിയ അടക്കമുള്ള രാജ്യങ്ങള്‍ക്ക് ട്രംപ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഡോക്യുമെന്ററി പ്രവര്‍ത്തകരുടെ യു.എസ് യാത്രാ മുടങ്ങുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. കോടതി ഉത്തരവിനെ തുടര്‍ന്ന് സ്‌റ്റേ താല്‍ക്കാലികമായി നീങ്ങിയതയോടെയാണ് അവര്‍ക്ക് വിസ ലഭിച്ചത്.
ചടങ്ങില്‍ പങ്കെടുക്കാന്‍ കടമ്പകള്‍ ബാക്കിയുണ്ടെന്നും അതിര്‍ത്തിയിലോ വിമാനത്താവളത്തിലോ തടയപ്പെടാന്‍ സാധ്യതയുണ്ടെന്നും സംഘടനയുടെ തലവന്‍ റായിദ് സ്വാലിഹി പറഞ്ഞിരുന്നു.