ഓസ്‌കര്‍ ജേതാവായ ഫലസ്തീന്‍ സംവിധായകന്‍ ഹംദാന്‍ ബല്ലാലിനെ ഇസ്രാഈല്‍ സൈന്യം വിട്ടയച്ചു

ഇസ്രാഈല്‍ സൈന്യത്തിന്റെ കസ്റ്റഡിയിലായിരുന്ന ഓസ്‌കര്‍ ജേതാവായ ഫലസ്തീന്‍ സംവിധായകന്‍ ഹംദാന്‍ ബല്ലാലിന് മോചനം. സൈനിക കേന്ദ്രത്തില്‍ ക്രൂര മര്‍ദനത്തിന് ഇരയാക്കിയ ശേഷമാണ് അദ്ദേഹത്തെ വിട്ടയച്ചതെന്ന് ‘നോ അദര്‍ ലാന്‍ഡി’ന്റെ ഇസ്രാഈല്‍ സഹസംവിധായകനായ യുവാല്‍ എബ്രഹാം വ്യക്തമാക്കി.

ഹംദാന്‍ ഇപ്പോള്‍ ഹെബ്രോണിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഓസ്‌കര്‍ പുരസ്‌കാരത്തിന് അര്‍ഹമായ ഡോക്യുമെന്ററി ‘നോ അതര്‍ ലാന്‍ഡി’ന്റെ നാല് സംവിധായകരിലൊരാളാണ് ഫലസ്തീന്‍ സംവിധായകനായ ഹംദാന്‍ ബല്ലാല്‍. കഴിഞ്ഞദിവസമാണ് ഇസ്രാഈല്‍ കുടിയേറ്റക്കാര്‍ ഇയാളെ ആക്രമിച്ചത്. ബല്ലാലിനെ ക്രൂരമായി മര്‍ദിച്ച ശേഷം അധിനിവേശ വെസ്റ്റ് ബാങ്കില്‍ വച്ച് ഇസ്രാഈല്‍ സൈന്യം അറസ്റ്റ് ചെയ്യുകയായിരുന്നു.

മുഖംമൂടി ധരിച്ചെത്തിയ സംഘം വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നുവെന്നും തുടര്‍ന്ന് ഹംദാനെ ഇസ്രാഈല്‍ സേന വെസ്റ്റ് ബാങ്കിലെ സുസിയ ഗ്രാമത്തിലുള്ള അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയെന്നും കുടുംബം ആരോപിച്ചിരുന്നു.

അതേസമയം ആക്രമണത്തില്‍ സംവിധായകന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

97-ാമത് ഓസ്‌കര്‍ പുരസ്‌കാര ചടങ്ങില്‍ മികച്ച ഡോക്യുമെന്ററി- ഫീച്ചര്‍ വിഭാഗത്തിലാണ് ‘നോ അദര്‍ ലാന്‍ഡ്’ പുരസ്‌കാരം നേടിയത്. ബാസല്‍ അദ്ര, ഹംദാന്‍ ബല്ലാല്‍, യുവാല്‍ അബ്രഹാം, റേച്ചല്‍ സോര്‍ എന്നിവര്‍ ആദ്യമായി സംവിധാനം ചെയ്ത ഡോക്യുമെന്ററി ചിത്രമായിരുന്നു ഇത്.

 

webdesk17:
whatsapp
line