ഓസ്‌കര്‍ ജേതാവായ ഫലസ്തീന്‍ സംവിധായകന് മര്‍ദനം; ഇസ്രാഈല്‍ സൈന്യം തടവിലാക്കി

ഈ വര്‍ഷത്തെ മികച്ച ഡോക്യുമെന്ററി ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടിയ നോ അദര്‍ ലാന്‍ഡിന്റെ സംവിധായകരിലൊരാളായ ഹംദാന്‍ ബല്ലാലിനെ ഇസ്രാഈല്‍ സൈന്യം തടവിലാക്കിയതായി റിപ്പോര്‍ട്ട്. ഇന്നലെ  അധിനിവേശ വെസ്റ്റ് ബാങ്കില്‍ വെച്ച് ഇസ്രഈലി കുടിയേറ്റക്കാര്‍ ഹംദാനെ മര്‍ദ്ദിച്ചതിന് പിന്നാലെയാണ് ഇസ്രാഈല്‍ അദ്ദേഹത്തെ സൈന്യം കസ്റ്റഡിയില്‍ എടുത്തത്.

ചികിത്സയ്ക്കായി ഇദ്ദേഹത്തെ ഒരു സൈനിക താവളത്തില്‍ തടവിലാക്കിയിരിക്കുകയാണെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. പക്ഷേ ഇതുവരെ ഹംദാനുമായി സംസാരിക്കാന്‍ കുടുംബത്തിന് കഴിഞ്ഞിട്ടില്ല. ഇന്നലെ റമസാന്‍ വ്രതം അവസാനിച്ചതിന് തൊട്ട്പിന്നാലെയാണ് അക്രമികള്‍ ഗ്രാമത്തില്‍ പ്രവേശിച്ചതെന്ന് ചിത്രത്തിന്റെ മറ്റൊരു സംവിധായകനും ഹംദാന്റെ സുഹൃത്തുമായ ബാസല്‍ അദ്ര പറഞ്ഞു.

ഗ്രാമത്തില്‍ പതിവായി ആക്രമണം നടത്തുന്ന ഒരു കുടിയേറ്റക്കാരന്‍ സൈന്യത്തോടൊപ്പം ഹംദാന്റെ വീട്ടിലേക്ക് വരികയും അദ്ദേഹത്തിനെ മര്‍ദിക്കുകയുമായിരുന്നു. തുടര്‍ന്ന് പട്ടാളക്കാര്‍ ഹംദാനെ കൈകള്‍ ബന്ധിച്ച് കണ്ണുകെട്ടി സൈനിക വാഹനത്തിലേക്ക് കയറ്റി കൊണ്ടുപോകുകയായിരുന്നെന്നും ബാസല്‍ അദ്ര വ്യക്തമാക്കി.

ഓസ്‌കാര്‍ വേദിയില്‍ നിന്ന് തിരിച്ചെത്തിയെത്തിയത് മുതല്‍ എല്ലാ ദിവസവും തങ്ങള്‍ക്കെതിരെ ആക്രമണം നടക്കുന്നുണ്ടെന്നും ബാസല്‍ അദ്ര കൂട്ടിച്ചേര്‍ത്തു. സിനിമ നിര്‍മിച്ചതിന്റെ പ്രതികാരമാണിതെന്നാണ് അദ്ര അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞത്.

webdesk13:
whatsapp
line