ന്യൂഡല്‍ഹി: 65-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണത്തിലെ വിവേചനത്തില്‍ രാഷ്ട്രപതിയുടെ ഓഫീസിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി രംഗത്ത്. ഇന്ത്യന്‍ ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു എളിയ ടെക്‌നീഷ്യന്റെ വികാരമാണിതെന്ന് പറഞ്ഞു തുടങ്ങുന്ന ഫെയ്‌സ് ബുക്ക് പോസ്റ്റിലാണ് റസൂല്‍ പൂക്കുട്ടി, രാഷ്ട്രപതിയുടെ സമയ കുറവ് കാണിച്ച് പതിവിനു വിപരീതമായി പതിനൊന്നു പേര്‍ക്കുമാത്രം അവാര്‍ഡു സമ്മാനിക്കാനുള്ള വിവേചന പരമായ തീരുമാനെതിരെ രംഗത്തെത്തിയത്.
രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ പുരസ്‌കാര വിതരണ ചടങ്ങിലെ പ്രസംഗത്തിലെ വാക്കുകള്‍ ഉപയോഗിച്ചാണ് ഓഫിനെതിരെ റസൂല്‍ പൂക്കുട്ടി വിമര്‍ശനം നടത്തിയത്. 125 അവാര്‍ഡ് ജേതാക്കളില്‍ ചിലര്‍ക്കെങ്കിലും അവരുടെ കരിയറിലെ ഏറ്റവും സുവര്‍ണ നിമിഷം ഇതായിരിക്കുമെന്നും രണ്ട് ലക്ഷത്തോളംപേര്‍ ഇന്ത്യയില്‍ സിനിമാ മേഖലയില്‍ ക്യാമറ മുന്നിലും പിന്നിലുമായി പ്രവര്‍ത്തിക്കുണ്ടെന്നുമായിരുന്നു രാഷ്ട്രപതി പ്രസംഗിച്ചത്. താങ്കള്‍ പറഞ്ഞത് ശെരിയാണ് സാര്‍, പക്ഷെ ഇന്നലെ താങ്കള്‍ അവാര്‍ഡ് നല്‍കാന്‍ സമയമില്ലയെന്നു പറഞ്ഞ് തിരസ്‌കരിച്ചവരില്‍ ഭൂരിഭാഗവും ക്യാമറ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരാണ്. അവരാണ് സാര്‍ സിനിമയുടെ യഥാര്‍ത്ഥ ശക്തി്.
ഭാരമുള്ള ഉപകരണങ്ങളും ട്രോളി ബാഗുമായി സിനിമക്കായി ഒരു ദിവസം 18 മണിക്കൂറോളം ചിലവഴിക്കുന്നവരാണ് അവര്‍. അവരുടെ അധ്വാനത്തിന്റെ ലാഭമാണ് സാര്‍ നിങ്ങള്‍ വലിയ ശതമാനം നികുത്തിയായി പിരിക്കുന്നത്. സിനിമ താരങ്ങള്‍ ഫസ്റ്റ് ക്ലാസ് വിമാനവും ഹോട്ടലുകളും ഉപയോഗപ്പെടുത്തുമ്പോള്‍ സിനിമയുടെ ചിലവു കുറയ്ക്കുന്നതിന്റെ ഭാഗമായി സാധാരണ ബസ്സിലും ലോ ക്ലാസ് ട്രെയിനുമാണ് അവര്‍ക്ക് ലഭിക്കുന്നത്. ഇത്തരം ആളുകളെ ആദരിക്കാന്‍ രാഷ്ട്രപതിയുടെ ഓഫീസിനു സമയമില്ലെങ്കില്‍ മറ്റൊരു ദിവസം സ്വന്തം കൈയില്‍ നിന്നും പണം ചെലവഴിച്ച്
തങ്ങളുടെ അധ്വാനത്തിനു മേല്‍ രാജ്യം നല്‍കുന്ന ആദരം സ്വീകരിക്കാന്‍ വരാന്‍ ഇവര്‍ തയ്യാറായിരുന്നു. അവരെയാണ് സാര്‍ നിങ്ങള്‍ തിരസ്‌കരിച്ചത്.
അവാര്‍ഡ് ജേതാക്കളുടെ ലിസ്റ്റിലെ ഏറ്റവും താഴെയുള്ള പതിനൊന്നു പേര്‍ക്കോ അല്ലെങ്കില്‍ ആദ്യമായി അവാര്‍ഡ് നേടുന്നവര്‍ക്കോ ആയിരുന്നു താങ്ങള്‍ സമ്മാനിച്ചിരുന്നതെങ്കില്‍ പതിനൊന്നു പേര്‍ക്കുമാത്രം അവാര്‍ഡ് നല്‍കാനുള്ള രാഷട്രപതി ഓഫീസിന്റെ തീരുമാനത്തെ അംഗീകരിക്കുമായിരുന്നു എന്നും പോസ്റ്റില്‍ പറയുന്നു. ഇന്ത്യന്‍ സിനിമയെ ലോക നെറുകയില്‍ എത്തിച്ചവരില്‍ പലരും സിനിമയുടെ ടെക്‌സിക്കല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണെന്നും റസൂല്‍ പൂക്കുട്ടി പോസ്റ്റില്‍ ഓര്‍മപ്പെടുത്തുന്നുണ്ട്.