അഡാര്‍ ലവ് എന്ന സിനിമയിലെ മാണിക്യമലരായ എന്ന് തുടങ്ങുന്ന ഗാനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പ്രതികരണവുമായി പ്രശസ്തഗായകന്‍ എരിഞ്ഞോളി മൂസ. ഇത് വിവാദമാക്കുന്നതിന് പിന്നില്‍ മാര്‍ക്കറ്റിംഗ് തന്ത്രമാണെന്നും ഈ രീതി ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. വിവാദമുണ്ടാക്കാന്‍ വേണ്ടി മതമൗലീകവാദമെന്നും മറ്റും പറഞ്ഞ് പ്രശ്‌നമുണ്ടാക്കുന്നതിനോട് യോജിപ്പില്ലെന്നും ആദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പി.എം.എ ജബ്ബാര്‍ എഴുതിയ
‘മാണിക്യാ മലരായ ബീവി’ എന്ന് തുടങ്ങുന്ന ഗാനം ആദ്യമായി പാടിയ വ്യക്തിയാണ് എരിഞ്ഞോളി മൂസ.
ചിത്രത്തിലെ ഗാനം ഇസ്‌ലാം മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് കാണിച്ച് നല്‍കിയ പരാതിയില്‍ ഹൈദരാബാദ് പൊലീസ് കേസെടുത്തതിന് പിന്നാലെ ഈ ഗാനം പിന്‍വലിക്കുകയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. പിന്നീട് പാട്ടിന്റെ സ്വീകാര്യത പരിഗണിച്ച് പിന്‍വലിക്കാനുള്ള തീരുമാനം മാറ്റിയെന്ന് സംവീധായകന്‍ ഒമര്‍ ലുലു പറഞ്ഞിരുന്നു. ഗാനത്തിന് പിന്തുണയുമായി മുഖ്യമന്ത്രിയടക്കം നിരവധി പേര്‍ രംഗത്ത് വന്നിരുന്നു.
അതേസമയം ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച ഒരു ഗാനം ഒഴിവാക്കാന്‍ ഞങ്ങള്‍ തന്നെ ഞങ്ങള്‍ക്കെതിരെ ജാമ്യമില്ലാ കേസ് നല്‍കില്ലെന്ന് സംഗീത സംവിധായകന്‍ കൂടിയായ ഷാന്‍ റഹ്മാന്‍ പറഞ്ഞു.
ചിത്രത്തില്‍ ഈ ഗാനം ഉള്‍പ്പെടുത്തിയ സന്ദര്‍ഭവും രീതിയുമാണ് പരാതികള്‍ക്ക് അടിസ്ഥാനം. ഹൈദരാബാദിലെ ഒരു കൂട്ടം യുവാക്കളാണ് ഈ ഗാനത്തിനെതിരെ ഫലക്‌നുമ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. മതവികാരം വൃണപ്പെടുത്തുന്നതാണ് ഗാനചിത്രീകരണം എന്നാണ് ആക്ഷേപം.
ഇതേസമയം, യൂട്യൂബില്‍ ഗാനം പുതിയ ചരിത്രം രചിച്ചുകൊണ്ടിരിക്കുകയാണ്. അഞ്ച് ദിവസം കൊണ്ട് ഒന്നരകോടിയോളം പേരാണ് ഗാനം കണ്ടത്.