ന്യൂഡല്‍ഹി: യതീംഖാനകള്‍ ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്ന് സുപ്രീംകോടതി. മാര്‍ച്ച് 31നക രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. സംസ്ഥാനത്തെ എല്ലാ അനാഥാലയങ്ങളും രജിസ്റ്റര്‍ ചെയ്യണം. ശിശു സംരക്ഷണ കേന്ദ്രങ്ങള്‍ക്കും നിയമം ബാധകമാണ്.
മെയ് അവസാനത്തോടെ ഡാറ്റ ബേസ് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. ഓര്‍ഫനേജ് നിയമ പ്രകാരവും, ബാലനീതി നിയമ പ്രകാരവുമുള്ള സൗകര്യങ്ങള്‍ താരതമ്യപ്പെടുത്തി സത്യവാങ്മൂലം നാലാഴ്ചക്കകം സമര്‍പ്പിക്കാന്‍ അനാഥാലങ്ങള്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോ ര്‍ഡിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് ചീഫ് സെക്രട്ടറിയോട് വിശദമായ സത്യവാങ് മൂലം സമര്‍പ്പിക്കാനും സുപ്രീംകോടതി നിര്‍ദേശം നല്‍കി. അതേ സമയം ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിനു കീഴില്‍ രജിസ്റ്റര്‍ ചെയ്ത യതീംഖാനകള്‍ക്കുമേല്‍ ബാലനീതി നിയമപ്രകാരമുള്ള നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കാനാവില്ലെന്ന കേരളഹൈക്കോടതി ഉത്തരവ് സ്റ്റേചെയ്യാന്‍ സുപ്രിംകോടതി വിസമ്മതിച്ചു.
ബാലനീതി നിയമത്തിന്റെ മറവില്‍ യതീംഖാനകള്‍ക്ക് ഇരട്ട രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തിയ സര്‍ക്കാരിന്റെ നടപടി ചോദ്യംചെയ്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്കു കീഴിലുള്ള യതീംഖാനകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ അമിക്കസ്‌ക്യൂറി അപര്‍ണാ ഭട്ടാണ് ഹൈക്കോടതി ഉത്തരവ് സ്റ്റേചെയ്യാന്‍ ആവശ്യപ്പെട്ടത്. ഭട്ടിന്റെ ആവശ്യം തള്ളിയ ജസ്റ്റിസ് മദന്‍ ബി. ലോക്കൂര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച്, യതീംഖാനകള്‍ ബാലനീതി നിയമപ്രകാരമുള്ള ശിശുസംരക്ഷണകേന്ദ്രങ്ങള്‍ ആണോ അല്ലയോ എന്നത് വലിയ നിയമപ്രശ്നമാണെന്നും ഇക്കാര്യത്തില്‍ വിശദമായ വാദംകേള്‍ക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി.
1960ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ നിയമപ്രകാരം രൂപീകരിച്ച ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിനു കീഴില്‍ രജിസ്റ്റര്‍ ചെയ്ത യതീംഖാനകള്‍ 2015ലെ ബാലനീതി നിയമപ്രകാരവും രജിസ്റ്റര്‍ചെയ്യേണ്ടതില്ലെന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നാല്‍ അന്വേഷണം നടത്തി ശിക്ഷിക്കാന്‍ അധികാരമുള്ള വ്യവസ്ഥപ്രകാരമുള്ള സമിതിയാണ് ബോ ര്‍ഡ് എന്നും യതീംഖാനകള്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ കപില്‍സിബലും ഹുസൈഫ അഹ്മദിയും വാദിച്ചു.
യതീംഖാനകള്‍ വഖഫ് സ്വത്തുക്കളാണ്. മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള സാമ്പത്തിക സഹായത്തോടെയാണ് അത് പ്രവര്‍ത്തിക്കുന്നത്. യത്തീംഖാനയില്‍ മത- ഭൗതിക വിദ്യാഭ്യാസവും, അന്തേവാസികള്‍ക്ക് എല്ലാ സൗകര്യങ്ങളും നല്‍കുന്നുണ്ടെന്നും അഭിഭാഷകര്‍ വാദിച്ചു. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം യതീംഖാനകള്‍ ശിശുസംരക്ഷണകേന്ദ്രങ്ങള്‍ അല്ലെങ്കിലും അവ ബാലനീതി നിയമപ്രകാരവും രജിസ്റ്റര്‍ചെയ്യണമെന്ന ഉത്തരവുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ മുന്നോട്ടുപോവുന്നതെന്നും മാര്‍ച്ച് 31നു മുമ്പായി എല്ലാ ശിശുസംരക്ഷണകേന്ദ്രങ്ങളും യതീംഖാനകളും രജിസ്റ്റര്‍ ചെയ്യണമെന്നും ഇതുസംബന്ധിച്ച് ഉടന്‍ മാധ്യമങ്ങളിലൂടെ പരസ്യം നല്‍കുമെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.
യതീംഖാനകളും ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവിനെ ഈ കേസില്‍ കക്ഷിയായ അസോസിയേഷന്‍ ഓഫ് ഓര്‍ഫനേജസ് ആന്റ്് ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ എതിര്‍ത്തില്ല. കേസ് നാലാഴ്ച കഴിഞ്ഞു വീണ്ടും പരിഗണിക്കും.