കേരളത്തിലെ തലയെടുപ്പുള്ള ക്രിസ്തീയ ആചാര്യന്മാരില്‍ ഒരാളായിരുന്നു കാലം ചെയ്ത മാര്‍ ജോസഫ് പൗവത്തില്‍ തിരുമേനിയെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
തന്നിലെ ആത്മീയ ചൈതന്യം കൊണ്ട് സഭക്കും സമൂഹത്തിനും ഒരുപോലെ വെളിച്ചം പകര്‍ന്ന് വഴി നടത്തിയ അദ്ദേഹത്തിന്റെ വിയോഗം സഭക്കെന്ന പോലെ കേരളീയ പൊതു സമൂഹത്തിനും വലിയ നഷ്ടമാണ്. സഭയെയും സമൂഹത്തെയും ബാധിക്കുന്ന വിഷയങ്ങളില്‍ അദ്ദേഹമെടുത്തിരുന്ന ധീരവും, പക്വവുമായ നിലപാടുകള്‍ എന്നും ശ്രദ്ധേയമായിരുന്നു. വാക്കുകളിലെ മൂര്‍ച്ച കൊണ്ടും നിലപാടുകളിലെ കൃത്യത കൊണ്ടും അദ്ദേഹം തെളിഞ്ഞു നിന്നു. സമുദായ മൈത്രിക്ക് വേണ്ടി അദ്ദേഹം നടത്തിയ ഇടപെടലുകള്‍ എന്നും സ്മരിക്കപ്പെടേണ്ടതാണ്. സാഹോദര്യമായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിമുദ്ര.
വ്യക്തിപരമായി വലിയ അടുപ്പവും സ്‌നേഹവും ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു.
വൈദിക പദവി ഒഴിഞ്ഞ് വിശ്രമിക്കുന്ന വേളയില്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാനും സമയം ചിലവഴിക്കാനും സാധിച്ചിരുന്നു. ചങ്ങനാശ്ശേരിയിലെത്തി പിതാവിന്റെ ഭൗതിക ശരീരം സന്ദര്‍ശിച്ചു അന്തിമോപചാരം അര്‍പ്പിച്ചു.