X

വൃക്ക ദാനം ചെയ്താൽ പുതിയ വൃക്ക മുളച്ചുവരുമെന്ന് ദാതാക്കളെ തെറ്റിദ്ധരിപ്പിച്ചും അവയവ കച്ചവടം നടത്തി; സാബിത്തിൽ നിന്ന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ

കൊച്ചി: അവയവ മാഫിയ കേസിൽ അറസ്റ്റിലായ സാബിത്തിനെ ചോദ്യം ചെയ്യുന്നത് പൊലീസ് തുടരുന്നതിനിടെ ഇയാളിൽ നിന്ന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. അറസ്റ്റിലാകുന്നതിനു രണ്ടാഴ്ച മുൻപും ഇയാൾ അവയവ കടത്തിനായി ആൾക്കാരെ വിദേശത്തേക്ക് കടത്തിയതായും തെളിഞ്ഞു.

രണ്ടു വൃക്കയുള്ളതു ശാരീരികവൈകല്യമാണെന്നു തെറ്റിദ്ധരിപ്പിച്ച് ഉത്തരേന്ത്യൻ സ്വദേശികളെ കബളിപ്പിച്ചതായി പൊലീസിന്‍റെ കസ്റ്റഡിയിലുള്ള സാബിത്ത് മൊഴി നൽകി. വൃക്ക ദാനം ചെയ്താൽ പുതിയ വൃക്ക മുളച്ചുവരുമെന്ന് ചിലരെ പറഞ്ഞു വിശ്വസിപ്പിച്ചു. അവയവക്കച്ചവടത്തിന് ഇരകളായവരുടെയും അവയവങ്ങൾ വാങ്ങിയവരുടെയും പട്ടിക സബിത്ത് അന്വേഷണസംഘത്തിനു കൈമാറിയിട്ടുണ്ട്.

ഇറാനിലെ സാഹചര്യങ്ങൾ അവയവ മാഫിയയ്ക്ക് അനുകൂലമാണ്. ഇതാണ് കേരളത്തിലുള്ളവരും ദുരുപയോഗപ്പെടുത്തുന്നത്. വിദേശ ഇൻഷുറൻസ് കമ്പനികളുടെ നിയന്ത്രണത്തിൽ ഇറാൻ കേന്ദ്രീകരിച്ച് അവയവക്കച്ചവട മാഫിയ പ്രവർത്തിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ ഏജൻസിയായ ഗ്ലോബൽ ഒബ്‌സർവേറ്ററി ഓൺ ഡൊണേഷൻ ആൻഡ് ട്രാൻസ്പ്ലാന്‍റെഷൻ (ജിഒഡിടി) റിപ്പോർട്ട് ചെയ്തിരുന്നു. ഇറാനിൽ ഒരുവർഷം 10,000 കോടി രൂപയുടെ അവയവക്കച്ചവടം നടക്കുന്നതായി റിപ്പോർട്ടിലുണ്ടായിരുന്നു. ഇതേത്തുടർന്ന് അവയവദാതാക്കൾക്കുള്ള ഉയർന്ന പ്രതിഫലം 600 പൗണ്ടായി (60,000 രൂപ) ഇറാൻ സർക്കാർ നിജപ്പെടുത്തിയതോടെയാണ് ‘ഓർഗൻ ബ്ലാക് മാർക്കറ്റ്’ സജീവമായത്.

സാബിത്ത് അവയവക്കച്ചവടത്തിന് ഇരയാക്കിയ ആളുകളെ കണ്ടെത്തി പരിശോധിക്കുന്നതിന് മെഡിക്കൽ ബോർഡ് രൂപീകരിക്കാനാണ് തീരുമാനം. മാഫിയയുടെ വലയിൽ കുരുങ്ങി അവയവദാനത്തിനായി ഇറാനിലേക്ക് പോയ നിരവധി പേർ ഇപ്പോഴും തിരിച്ചെത്താത്ത സാഹചര്യവും അന്വേഷിക്കും. ഇവർ ഇപ്പോഴും ജീവനോടെയുണ്ടോയെന്നതും വ്യക്തമല്ല. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെയാണ് സാബിത്ത് ഇരകളാക്കിയത്. ഇവരുടെ യാത്ര, ചികിത്സ, താമസം എല്ലാം മാഫിയയാണ് വഹിക്കുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് മടങ്ങുമ്പോൾ 6 ലക്ഷം രൂപ വരെയാണ് ഇരകൾക്ക് നൽകിയിരുന്നത്. ഈ അവയവങ്ങൾ ഏജന്‍റുമാർ വഴി 60 ലക്ഷം രൂപയ്ക്കാണ് കൈമാറ്റം ചെയ്തിരുന്നതെന്നും സാബിത്ത് മൊഴി നൽകിയിട്ടുണ്ട്.

webdesk14: