X

ഓര്‍ഡിനന്‍സിന് അംഗീകാരം; എല്ലാ സ്‌കൂളിലും പത്താംക്ലാസ് വരെ മലയാളം നിര്‍ബന്ധം

തിരുവനന്തപുരം: പത്താംക്ലാസ് വരെ സംസ്ഥാനത്തെ സര്‍ക്കാര്‍-എയിഡഡ്-അണ്‍ എയിഡഡ് ഉള്‍പ്പെടെ എല്ലാ സ്‌കൂളുകളിലും അടുത്ത അദ്ധ്യയനവര്‍ഷം മുതല്‍ മലയാളം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സിന് പ്രത്യേക മന്ത്രിസഭായോഗം അംഗീകാരം നല്‍കി. അടുത്ത അധ്യയന വര്‍ഷം മുതല്‍ മലയാളം പാഠ്യപദ്ധതിയുടെ ഭാഗമാകും. മലയാളം പഠിപ്പിക്കാത്ത സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കാന്‍ ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്.

കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ ഹയര്‍സെക്കന്‍ഡറി തലം വരെ മലയാളം നിര്‍ബന്ധമാക്കാനാണ് ആലോചിച്ചതെങ്കിലും പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്ത് പത്താം ക്ലാസ് വരെ മാത്രമാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഗവര്‍ണര്‍ അംഗീകാരം നല്‍കുന്നതോടെ നിയമം നിലവില്‍ വരും. വിദ്യാഭ്യാസ മന്ത്രി മകളെ സന്ദര്‍ശിക്കാന്‍ അമേരിക്കയില്‍ പോയതിനാല്‍ വിദ്യാഭ്യാസവകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി തോമസ് ഐസക് ആണ് ഓര്‍ഡിനന്‍സിന്റെ കരട് മന്ത്രിസഭായോഗത്തില്‍ അവതരിപ്പിച്ചത്.
സര്‍ക്കാര്‍, എയിഡഡ്, സ്വാശ്രയ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍ക്കെല്ലാം നിയമം ബാധകമാണ്. ഭാഷാ ന്യൂനപക്ഷങ്ങളുള്ള സംസ്ഥാനാതിര്‍ത്തികളിലെ സ്‌കൂളുകളിലും മലയാള പഠനം നിര്‍ബന്ധമായിരിക്കും. നിയമലംഘനം നടത്തുന്ന സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകളുടെ പ്രവര്‍ത്തനാനുമതിയും എന്‍.ഒ.സിയും റദ്ദാക്കും. സ്‌കൂളുകളില്‍ മലയാളം സംസാരിക്കുന്നത് പ്രത്യക്ഷമായോ പരോക്ഷമായോ വിലക്കാന്‍ പാടില്ലെന്നും ഓര്‍ഡിനന്‍സില്‍ വ്യക്തമാക്കുന്നു.
ഏതെങ്കിലും ഭാഷ മാത്രമേ സ്‌കൂളില്‍ സംസാരിക്കാന്‍ പാടുള്ളൂ എന്ന് വ്യക്തമാക്കുന്ന ബോര്‍ഡുകളോ നോട്ടീസുകളോ പാടില്ല. പരാതിയുണ്ടായാല്‍ അത്തരം സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ പിഴ ഇടും. തെറ്റ് ആവര്‍ത്തിച്ചാല്‍ സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കും. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും പഠനം തുടരുന്നതിനായി കേരളത്തില്‍ എത്തുന്ന വിദ്യാര്‍ത്ഥികളും മലയാളം പഠിക്കണം. എന്നാല്‍, അവര്‍ക്ക് പത്താം ക്ലാസില്‍ മലയാളം പരീക്ഷ ഒഴിവാക്കും. അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നതിന് മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കും. പാഠ്യപദ്ധതിയുടെ ഭാഗമായി പഠിപ്പിക്കുന്ന മലയാളത്തിന് പ്രത്യേകം പരീക്ഷയുമുണ്ടാകും. നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ പ്രധാന അദ്ധ്യാപകന്‍ 500 രൂപ പിഴ നല്‍കണം.
കേന്ദ്രസിലബസ് പഠിപ്പിക്കുന്ന പല സ്‌കൂളുകളിലും പുതിയ അക്കാഡമിക് വര്‍ഷത്തെ ക്ലാസുകള്‍ തുടങ്ങുന്ന സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് ഇറക്കിയത്. ഓര്‍ഡിനന്‍സ് അടുത്ത നിയമസഭാസമ്മേളനത്തില്‍ ബില്ലായി അവതരിപ്പിക്കും. നിലവില്‍ സംസ്ഥാനത്തെ സി.ബി.എസ്.ഇ സ്‌കൂളുകളില്‍ എട്ടാംക്ലാസ് വരെ മലയാളം പഠിപ്പിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് മാനേജ്മെന്റുകളും സര്‍ക്കാരും തമ്മില്‍ കരാറുണ്ട്. ഒമ്പത്, പത്ത് ക്ലാസുകളില്‍ ഏത് ഭാഷവേണമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുക്കാനാവും. ഇഷ്ടഭാഷക്കൊപ്പം മലയാളം കൂടി പഠിക്കേണ്ടിവരുന്നത് കുട്ടികള്‍ക്ക് ഭാരമാവുമെന്ന് മാനേജ്മെന്റുകളുടെ വാദം.
കേരളത്തിലെ ചില വിദ്യാലയങ്ങളില്‍ മലയാളം പഠിപ്പിക്കുന്നതിനും സംസാരിക്കുന്നതിനും ഇപ്പോഴും വിലക്കുണ്ട്. ചില അതിര്‍ത്തി പ്രദേശങ്ങളില്‍ മലയാള പഠനത്തിനുള്ള സാഹചര്യം നിലവിലില്ലെന്ന പരാതിയുമുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് അടിയന്തരമായി നിയമം കൊണ്ടുവരുന്നത്.

chandrika: