സിസാ തോമസിന് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ ഉത്തരവ്

ഗവ: എഞ്ചിനീയറിംഗ് കോളേജ്  മുന്‍പ്രിന്‍സിപ്പല്‍ ഡോ:സിസാ തോമസിന് താല്‍ക്കാലിക പെന്‍ഷനും കുടിശികയും രണ്ട് ആഴ്ചയ്ക്കുള്ളില്‍ നല്‍കണമെന്ന് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യുനല്‍ ഉത്തരവിട്ടു. ഡിജിറ്റല്‍ സര്‍വകലാശാലയുടെ നിലവിലെ വൈസ് ചാന്‌സലര്‍ കൂടിയായ ശ്രീമതി സിസാ തോമസിന് താത്കാലിക പെന്‍ഷനും 2023 മുതലുള്ള കുടിശികയും നല്‍കാനാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് .

ഹര്‍ജിക്കാരിക്ക് സ്ഥിരം പെന്‍ഷനും മറ്റ് സര്‍വീസ് ആനുകൂല്യങ്ങളും ഇത്രയും നാള്‍ എന്തുകൊണ്ട് നല്‍കിയില്ലെന്നതിന്റെ കാരണം കാണിച്ചുകൊണ്ട് ട്രിബ്യൂണലില്‍ മറുപടി ഫയല്‍ ചെയ്യാന്‍ സര്‍ക്കാരിനോടും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറോടും നിര്‍ദ്ദേശിച്ചു.

തനിക്കെതിരായുള്ള എല്ലാ നടപടികള്‍ക്കും പിന്നില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അഡിഷണല്‍ സെക്രട്ടറിയായ സി. അജയന്‍ ആണെന്ന സിസാ തോമസിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ വ്യക്തിപരമായി കേസില്‍ എതിര്‍ കക്ഷി ആയി ചേര്‍ത്താണ് ഹര്‍ജി ഫയല്‍ ചെയ്തത്. സി അജയന് നോട്ടീസ് അയയ്ക്കാനും ട്രിബ്യൂണല്‍ ഉത്തരവിട്ടു.

2022 നവംബറില്‍ ആണ് ഗവര്‍ണറുടെ ഉത്തരവ് പ്രകാരം സിസാ തോമസ് സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സിലറുടെ ചുമതല ഏറ്റെടുത്തത്. ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലുംസിസയുടെ നിയമനം കോടതി ശരിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് സിസയ്ക്ക് എതിരെ അച്ചടക്കനടപടിയെടുക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമം ഹൈക്കോടതി റദ്ദാക്കിയിരുന്നു. അതിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചുവെങ്കിലും സര്‍ക്കാരിന്റെ അപ്പീല്‍ കോടതി തള്ളി. എന്നിട്ടും സിസാ തോമസിന് പെന്‍ഷനും മറ്റു ആനുകൂല്യങ്ങളും നല്‍കാന്‍ സര്‍ക്കാര്‍ തയാറായില്ല

2023 ഓഗസ്റ്റില്‍ താത്കാലിക പെന്‍ഷന്‍ പാസ്സാക്കി കൊണ്ട് ഉത്തരവുണ്ടായെങ്കിലും പണം നല്‍കിയില്ല. ഈ സാഹചര്യത്തിലാണ് സിസാ തോമസ് ട്രിബ്യൂണലിനെ സമീപിച്ചത്. ഹര്‍ജിക്കാരിക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം ഹാജരായി.

webdesk13:
whatsapp
line