മഥുരയിലെ തര്‍ക്കഭൂമി അളന്നു തിട്ടപ്പെടുത്താന്‍ മഥുര കോടതിയുടെ സുപ്രധാന ഉത്തരവ്. നിലവില്‍ സ്ഥിതി ചെയ്യുന്ന ഈദ്ഗാഹിന്റെ സര്‍വേ നടത്താനാണ് മഥുര സിവില്‍ ഡിവിഷന്‍ കോടതി സീനിയര്‍ ജഡ്ജി ഉത്തരവിട്ടിരിക്കുന്നത്. ഹിന്ദു വിഭാഗം സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍.
ശ്രീകൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാഹ് തര്‍ക്കവുമായി ബന്ധപ്പെട്ട് വലതുപക്ഷ സംഘടനയായ ഹിന്ദു സേന സമര്‍പ്പിച്ച അപ്പീലില്‍ മഥുരയിലെ സിവില്‍ ഡിവിഷന്‍ കോടതിയില്‍ ഇന്ന് വാദം നടന്നിരുന്നു. ഉത്തരവില്‍ സര്‍വേയ്ക്കുള്ള സമയപരിധിയും നിശ്ചയിച്ചിട്ടുണ്ട്. ജനുവരി 20നകം സര്‍വേ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. കേസില്‍ ഉള്‍പ്പെട്ട എല്ലാ കക്ഷികള്‍ക്കും സിവില്‍ കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്താണ് ഷാഹി ഈദ്ഗാഹ് മസ്ജിദ് നിലകൊള്ളുന്നതെന്നാണ് കോടതിയില്‍ നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്. മമ്പ് ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രം നിന്നിരുന്ന 13.37 ഏക്കറിലാണ് ഇപ്പോള്‍ ഷാഹി ഈദ്ഗാഹ് മോസ്‌ക് പണിഞ്ഞിരിക്കുന്നതെന്നാണ് ഹിന്ദു സേന ഉന്നയിക്കുന്ന ആരോപണം. സ്ഥലം തിരികെ നല്‍കണമെന്നും അവിടെ ശ്രീകൃഷ്ണ ക്ഷേത്രം ഉയര്‍ത്തണമെന്നുമാണ് ഹിന്ദുത്വ സംഘടനകളുടെ ആവശ്യം.
മെയ് 12ന് അലഹബാദ് കോടതിയുടെ ലഖ്‌നോ ബെഞ്ച് ശ്രീ കൃഷ്ണ ജന്മഭൂമിഷാഹി ഈദ്ഗാഹ് മോസ്‌ക് കേസ് മഥുര കോടതിക്ക് വിട്ടിരുന്നു. ഇത് സംബന്ധിച്ച എല്ലാ പരാതികളും നാല് മാസത്തില്‍ തീര്‍പ്പാക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. ഇതുവരെ മഥുര കോടതിയില്‍ ഒമ്പത് കേസുകളാണ് നിലനില്‍ക്കുന്നത്.