X

ഭരണസ്വാധീനം ഉപയോഗിച്ചുള്ള ഉത്തരവ്; പി.വി അന്‍വറിന്റെ പാര്‍ക്ക് തുറക്കുന്നതിനെതിരെ നദി സംരക്ഷണ സമിതി

പി.വി അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍ തീം പാര്‍ക്ക് തുറക്കാനുള്ള ഉത്തരവിനെതിരെ നദി സംരക്ഷണ സമിതി. ഉത്തരവ് പിന്‍വലിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. ഹൈക്കോടതിയെ സമീപിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ഭരണ സ്വാധീനം ഉപയോഗിച്ചുള്ള ഉത്തരവാണിതെന്നാണ് ആരോപണം. വാട്ടര്‍ തീം പാര്‍ക്ക് നിലനില്‍ക്കുന്നത് ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലയിലാണ്. നിര്‍മ്മാണങ്ങളുടെ സുരക്ഷ പരിശോധിക്കാന്‍ സ്വകാര്യ സ്ഥാപനത്തെയാണ് ഏല്‍പിച്ചത്.

അനുകൂല റിപ്പോര്‍ട്ട് ലഭിക്കാനാണ് സ്വകാര്യ കമ്പനിയെ ഏല്‍പിച്ചത്. സര്‍ക്കാര്‍ ഏജന്‍സിയെ ഉപയോഗിച്ച് പഠനം നടത്തണം. നിര്‍മ്മാണങ്ങളുടെ സുരക്ഷ മാത്രമല്ല, പ്രദേശത്തിന്റെ സുരക്ഷ കൂടി പരിശോധിക്കണമെന്നും നദി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

കോഴിക്കോട് കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്ക് ഭാഗികമായി തുറക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. കുട്ടികളുടെ പാര്‍ക്കിനാണ് പ്രവര്‍ത്തനാനുമതി. ആദ്യം കുട്ടികളുടെ പാര്‍ക്കും പുല്‍മേടും തുറന്ന് നല്‍കും. ഘട്ടം ഘട്ടമായി പാര്‍ക്ക് മുഴുവന്‍ തുറക്കാനാണ് നീക്കം. വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടി. 2018ലാണ് ദുരന്തനിവാരണ അതോറിറ്റി പാര്‍ക്ക് അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചത്.

webdesk13: