X

തമിഴ്‌നാട്ടിലും കാവിക്കൊടി പാറിക്കാന്‍ ബി.ജെ.പി; ഇപിഎസ് ഒപിഎസ് പക്ഷങ്ങള്‍ ഒന്നിക്കുന്നു

ന്യൂഡല്‍ഹി: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ കാവിക്കൊടി പാറിക്കാനുള്ള ബിജെപി ശ്രമങ്ങള്‍ വിജയത്തിലേക്ക്. അണ്ണാ ഡിഎംകെ (അമ്മ) വിഭാഗം ജനറല്‍ സെക്രട്ടറി വി.കെ.ശശികല, ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി.ദിനകരന്‍ എന്നിവരെ ഒതുക്കി പാര്‍ട്ടി പിടിച്ചടക്കാന്‍ എടപ്പാടി പളനിസാമി (ഇപിഎസ്), ഒ.പനീര്‍സെല്‍വം (ഒപിഎസ്) പക്ഷങ്ങള്‍ ഒന്നിക്കാന്‍ തീരുമാനിച്ചതാണു ബിജെപിയുടെ ദീര്‍ഘകാലമായുള്ള സ്വപ്നത്തിന് ഉണര്‍വേകുന്നത്.

ശശികല കുടുംബത്തെ പൂര്‍ണമായും പുറത്താക്കാനുള്ള ചര്‍ച്ചകള്‍ക്കായി ഇപിഎസ്, ഒപിഎസ് വിഭാഗങ്ങള്‍ ഡല്‍ഹിയില്‍ എത്തി. അണ്ണാ ഡിഎംകെയിലെ ഇരുവിഭാഗങ്ങളും യോജിച്ചാല്‍ എന്‍ഡിഎ മുന്നണിയിലേക്ക് പ്രവേശിക്കാനാണു തീരുമാനം. മുന്നണി പ്രവേശനം സംബന്ധിച്ച ചര്‍ച്ചകളും ഡല്‍ഹിയില്‍ നടക്കും. ഉപരാഷ്ട്രപതിയായി വെങ്കയ്യ നായിഡു സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനാണ് ഇരുവിഭാഗം നേതാക്കളും ഡല്‍ഹിയില്‍ എത്തിയിട്ടുള്ളത്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി കൂടിക്കാഴ്ച നടത്തും. മുന്നണി പ്രവേശനമാകും മുഖ്യ അജന്‍ഡ. മുതിര്‍ന്ന ബിജെപി നേതാക്കളുമായും അണ്ണാ ഡിഎംകെ വിഭാഗങ്ങള്‍ മോദിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തുമെന്നാണ് അറിയുന്നത്.

എഐഎഡിഎംകെയുടെ ഇരുവിഭാഗവുമായും ബിജെപി ദേശീയ നേതൃത്വത്വം സക്രിയമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ എഐഎഡിഎംകെയുമായി ചേര്‍ന്ന് അധികാര രാഷ്ട്രീയത്തിലേക്ക് എത്തുകയെന്ന ലക്ഷ്യം ഉറപ്പിക്കാനാണ് ബിജെപിയുടെ നീക്കങ്ങള്‍. ഇതിന് അനുകൂല നിലപാടാണ് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും മുന്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വവും സ്വീകരിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

chandrika: