X

ബി.ജെ.പിയെ നേരിടാന്‍ പ്രതിപക്ഷ ഐക്യം അനിവാര്യം

റസാഖ് ആദൃശ്ശേരി

ഛത്തിസ്ഗഡ് തലസ്ഥാനമായ നവറായ്പൂരില്‍ സമാപിച്ച കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 85ാം പ്ലീനറി സമ്മേളനത്തിലെ ചര്‍ച്ചകളും തീരുമാനങ്ങളും ഇന്ത്യയിലെ മതേതര ജനാധിപത്യചേരിക്ക് കരുത്ത് പകരുന്നതാണ്. രാഹുല്‍ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയില്‍നിന്നു ലഭിച്ച പുത്തനുണര്‍വും പ്രസിഡന്റ് തിരഞ്ഞെടുപ്പിലൂടെ ആര്‍ജിച്ച ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്റെ കരുത്തും കൈമുതലാക്കി കോണ്‍ഗ്രസ് തങ്ങളുടെ കടമ നിറവേറ്റാന്‍ പ്രതിജ്ഞാബദ്ധരായി മുന്നോട്ടുവന്നിരിക്കുന്നുയെന്നത് വന്‍ പ്രതീക്ഷയോടെയാണ് രാഷ്ട്രീയ ഇന്ത്യ നോക്കികാണുന്നത്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും വര്‍ഗീയതയുടെയും പ്രചാരകരായ ഭരണകൂടവര്‍ഗത്തിന്റെ ഭീകരവാഴ്ചക്ക് അന്ത്യംകുറിക്കാന്‍ കോണ്‍ഗ്രസും സമാന ചിന്താഗതിക്കാരും ഒത്തു പിടിച്ചാല്‍ സാധിക്കുമെന്ന കാര്യത്തില്‍ എല്ലാവരും യോജിക്കുന്നു. പക്ഷേ, പൊതു തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം അവശേഷിച്ചിട്ടും അത്തരം ഒരു കൂട്ടുകെട്ട് ഇനിയും സാധ്യമായിട്ടില്ലയെന്നതാണ് ഏറെ ദുഖ:കരം.

പ്ലീനറി സമ്മേളനത്തിനുശേഷം പുതിയ ദിശ കണ്ടെത്താനും പുതിയ രാഷ്ട്രീയ ചട്ടക്കൂട് സൃഷ്ടിക്കാനുമുള്ള കോണ്‍ഗ്രസിന്റെ ശ്രമം അഭിനന്ദനാര്‍ഹമാണ്. സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് പ്രകടനപത്രികയോട് സാമ്യമുണ്ട്. ഈ വര്‍ഷം നടക്കാനിരിക്കുന്ന നിര്‍ണായക നിയമസഭാതിരഞ്ഞെടുപ്പുകളും അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാതിരഞ്ഞെടുപ്പും പാര്‍ട്ടിക്ക് ശക്തമായിതന്നെ നേരിടേണ്ടതുള്ളതിനാല്‍ ഇതിലെ ഓരോന്നും പ്രധാനമാണ്. കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയാല്‍ നടപ്പാക്കാന്‍ പോകുന്ന കര്‍മ പദ്ധതികളാണ് പ്രമേയങ്ങളുടെയെല്ലാം ഉള്ളടക്കം.

2004 നും 2014 നും ഇടയില്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് കൂടുതലും പൊതുജനക്ഷേമ പദ്ധതികളാണ് നടപ്പിലാക്കിയത്. എന്നാല്‍ അതില്‍നിന്നും വളരെയേറെ മുന്നോട്ടുപോയി സാമൂഹിക നീതിക്ക് മുന്‍തൂക്കം നല്‍കുന്ന നിലപാടാണ് ഇപ്പോള്‍ കോണ്‍ഗ്രസ് കൈകൊണ്ടിരിക്കുന്നത്. ഒരു കാലത്ത് കോണ്‍ഗ്രസിന്റെ ശക്തിയായിരുന്ന കീഴാള വര്‍ഗ സമൂഹങ്ങള്‍ ക്രമേണ കോണ്‍ഗ്രസില്‍നിന്ന് അകന്നു. സാമൂഹികനീതി ലക്ഷ്യംവെച്ചു ള്ള പല പാര്‍ട്ടികളും ഇതിനിടയില്‍ ഉയര്‍ന്നുവരുകയുണ്ടായി. പക്ഷേ, അവക്കൊന്നും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വേണ്ടത്ര സ്വാധീനം ചെലുത്താനോ പ്രസ്തുത വിഭാഗങ്ങളടെ ആശയാഭിലാഷങ്ങള്‍ക്ക് നിറം പകരാനോ കഴിഞ്ഞില്ല. അവ ക്രമേണ തകര്‍ന്നുപോകുകയോ അല്ലെങ്കില്‍ ഈ പാര്‍ട്ടികളിലെ പല വിഭാഗങ്ങളെയും ബി. ജെ.പി പിടിച്ചെടുക്കുകയോ ചെയ്തു. ബി.ജെ.പിയാവട്ടെ, അവരെ ഞെക്കികൊല്ലാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് നഷ്ടപ്പെട്ട കീഴാളരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും അഭിലാഷങ്ങള്‍ തിരിച്ചുപിടിക്കാനുള്ള നീക്കമായി അവശ ജനവിഭാഗങ്ങള്‍ക്കായി പ്രഖ്യാപിച്ച പദ്ധതികളെ കാണണം. ജാതി സെന്‍സസ്, മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്ക് (ഒ.ബി.സി) ഒരു മന്ത്രാലയം, എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് ഉന്നത ജുഡീഷ്യറിയില്‍ സംവരണം എന്നിവ പാര്‍ട്ടിയുടെ പുനര്‍നിര്‍മാണത്തിന്റെ ഭാഗമാണ്. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയിലെ പകുതി സീറ്റുകള്‍ എസ്.സി, എസ്.ടി, ഒ.ബി.സി, സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്കായി സംവരണം ചെയ്യാന്‍ തീരുമാനിച്ചതും ഇത്തരം വിഭാഗങ്ങളെ പാര്‍ട്ടിയുമായി അടുപ്പിക്കാന്‍ സാധിക്കും. പ്ലീനത്തില്‍ ദരിദ്രരും പിന്നാക്കം നില്‍ക്കുന്നവരുമായ ജനവിഭാഗങ്ങള്‍ക്ക് മിനിമം വരുമാനവും സാമൂഹിക സുരക്ഷയും വാഗ്ദാനം ചെയ്തുകൊണ്ടാണ് പാര്‍ട്ടി അതിന്റെ സാമൂഹിക, സാമ്പത്തിക, ക്ഷേമ പ്ലാറ്റ്‌ഫോം വിപുലീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ആരോഗ്യത്തിനുള്ള അവകാശത്തിന് ഊന്നല്‍ നല്‍കുന്ന സമഗ്രമായ ഒരു ക്ഷേമപദ്ധതിയും അവതരിപ്പിച്ചു. അവിവാഹിതരായ സ്ത്രീകള്‍, പ്രായമായവര്‍, വികലാംഗര്‍ എന്നിവര്‍ക്ക് പെന്‍ഷനുകളും വാഗ്ദാനം ചെയ്യുന്നു. മതപരമായ വിവേചനത്തിനും വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്കും എതിരെ പുതിയ നിയമനിര്‍മാണം നടത്തുകയും ചെയ്യും. ഇത്തരം വിപുലമായ പദ്ധതികളിലൂടെ ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് അവര്‍ കണക്ക് കൂട്ടുന്നു. പാര്‍ട്ടിയുടെ നയങ്ങളും പ്രതിച്ഛായയും അടിമുടി തിരുത്താനുള്ള ശ്രമം എത്രമാത്രം വിജയിക്കുമെന്ന് കാത്തിരുന്ന് കാണാം. കാരണം കഴിഞ്ഞവര്‍ഷം മെയില്‍ രാജസ്ഥാനിലെ ഉദയ്പൂരില്‍ നടന്ന പാര്‍ട്ടി നവ സങ്കല്‍പ് ചിന്തന്‍ ശിവിറിന്റെ പല തീരുമാനങ്ങളും ഇതുവരെ നടപ്പാക്കിയിട്ടില്ല.

2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷ മഹാസഖ്യത്തിനുള്ള ആഹ്വാനമാണ് റായ്പൂര്‍ പ്ലീനം കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്. ഒമ്പത് വര്‍ഷത്തോളമായി തുടരുന്ന ബി.ജെ.പി ഭരണം ഇന്ത്യയെ എല്ലാ തരത്തിലും നശിപ്പിച്ചുകൊണ്ടിരിക്കുന്നു. സമസ്ത മേഖലകളിലും ഏകാധിപത്യത്തിന്റെ ഘഡ്ഗമാണ് വീശുന്നത്. ഭരണത്തിനെതിരെ ഉയര്‍ന്നുവരുന്ന എതിര്‍പ്പുകളെ നിശബ്ദമാക്കുന്നു, അതിനായി അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു. ജനാധിപത്യ രാജ്യത്ത് അഭിപ്രായം പറയാന്‍ പോലുമുള്ള സ്വാതന്ത്ര്യം ഇല്ലാതായിരിക്കുന്നു. മാധ്യമ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു. എല്ലാനിലക്കും സ്വതന്ത്രമാവേണ്ട, ജനങ്ങളുടെ അവസാന പ്രതീക്ഷയായ ജുഡീഷ്യറിയെപോലും സ്ഥാനമാനങ്ങള്‍ നല്‍കി വരുതിയിലാക്കുന്നു. വര്‍ഗീയവിദ്വേഷ പ്രസംഗങ്ങളും ജാതിയുടെയും മതത്തിന്റെയും പേരിലുള്ള കൊലപാതകങ്ങളും വര്‍ധിച്ചുവരുന്നു. ലോകത്തിലെ ഏറ്റവും മഹത്തായ ഭരണഘടനയെന്നു വിശേഷിപ്പിക്കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ അസ്തിത്വംതന്നെ ചോദ്യംചെയ്യപ്പെടുന്നു. ഇന്ത്യാ മഹാരാജ്യം ഇക്കാലമത്രയും കാത്തുസൂക്ഷിച്ച എല്ലാ മൂല്യങ്ങളും ചവിട്ടിമെതിക്കപ്പെടുന്നു.

അതുകൊണ്ടുതന്നെ ബി.ജെ.പിക്കെതിരെ ഒരു ദേശീയ ബദല്‍ രാജ്യം ആഗ്രഹിക്കുന്നുണ്ട്. ഓരോ മതേതര ജനാധിപത്യ വിശ്വാസിയുടെയും ആഗ്രഹമാണ് ബി.ജെ.പി ഭരണം അവസാനിപ്പിക്കുകയെന്നത്. സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളുടെ യോജിച്ചുള്ള മുന്നേറ്റം കൊണ്ടു മാത്രമേ അത് സാധ്യമാകുകയുള്ളു. അതിന് കോണ്‍ഗ്രസ്തന്നെ നേതൃത്വം കൊടുക്കണം. കോണ്‍ഗ്രസില്ലാത്ത ദേശീയ ബദലിനെക്കുറിച്ചുള്ള ചര്‍ച്ച തന്നെ അസ്ഥാനത്താണ്. കാരണം ബി.ജെ. പി ആര്‍.എസ്.എസ് പ്രസ്ഥാനങ്ങളുമായി ഒരിക്കല്‍പോലും സന്ധി ചെയ്യാത്ത ഒരേയൊരു രാഷ്ട്രീയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആറു പതിറ്റാണ്ട് കാലത്തെ ഭരണപരിചയ പാരമ്പര്യമുള്ള കോണ്‍ഗ്രസ്, ഇന്നും രാജ്യത്തെ ഇലക്ടറല്‍ കൊളജില്‍ രണ്ടാമത്തെ വലിയ കക്ഷിയാണ്. കഴിഞ്ഞ കാലങ്ങളില്‍ ബി.ജെ.പി വിരുദ്ധ കക്ഷികള്‍ പരസ്പരം എതിരായിനിന്ന് മത്സരിച്ചതിന്റെ ഫലമാണ് ബി.ജെ.പി ആര്‍.എസ്.എസ് ഫാസിസ്റ്റ് ഭരണകൂടം നിലവില്‍വന്നത്. ഇനിയും ഇത്തരം കക്ഷികള്‍ ചേരിതിരിഞ്ഞു പോരാടിയാല്‍ അനന്തരഫലം മൂന്നാമതും ബി.ജെ.പി അധികാരത്തില്‍ വരും എന്നതാണ്.

എന്നാല്‍ കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള മൂന്നാം മുന്നണിക്ക് ശ്രമിക്കുന്ന ചില പ്രതിപക്ഷ കക്ഷികളുണ്ട്. അത് ബി. ജെ.പിക്ക് ഗുണം മാത്രമേ ചെയ്യുകയുള്ളു. ഈ യാഥാര്‍ത്ഥ്യം പ്ലീനറി സമ്മേളനം ചൂണ്ടികാണിച്ചിരുന്നു. കോണ്‍ഗ്രസിനു ക്ഷയം സംഭവിച്ചിരിക്കുന്നുവെന്നതാണ് കോണ്‍ഗ്രസില്ലാത്ത മൂന്നാം മുന്നണി രൂപീകരണക്കാരുടെ വാദം. 60 വര്‍ഷത്തോളം രാജ്യം ഭരിച്ച ദേശീയ മതേതര പ്രസ്ഥാനമായ കോണ്‍ഗ്രസിന് ചില സ്ഥാപിതതാല്‍പര്യക്കാരുടെ അധികാരക്കൊതി മൂലം പല സംസ്ഥാനങ്ങളിലും തളര്‍ച്ച സംഭവിച്ചിട്ടുണ്ട്. എങ്കിലും ഇന്ത്യയില്‍ എല്ലായിടത്തും വേരോട്ടമുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. മൂന്നു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ഭരിക്കുന്നു. മൂന്നിടത്ത് സഖ്യകക്ഷികളുമായി ഭരണ പങ്കാളിത്തം. ലോക്‌സഭയില്‍ 52 ഉം രാജ്യസഭയില്‍ 31 ഉം എം.പിമാരുണ്ട്. രാജ്യത്താകമാനം 649 എം.എല്‍. എമാരും 25 ശതമാനത്തിലധികം വോട്ടുമുണ്ട്. വേറൊരു പ്രതിപക്ഷ പാര്‍ട്ടിക്കും ഇത്ര ശക്തിയില്ല. അതുകൊണ്ടു ബി.ജെ. പി വിരുദ്ധ മുന്നണിക്ക് നേതൃത്വം കൊടുക്കാനുള്ള അര്‍ഹത കോണ്‍ഗ്രസിനു തന്നെയാണ്. എന്നാല്‍ മൂന്നാം മുന്നണിക്കാരുടെ ലക്ഷ്യം ‘കോണ്‍ഗ്രസ് മുക്ത ഭാരതം’ എന്നതാണ്. ബി.ജെ.പിയുടെ ലക്ഷ്യവും ഇതുതന്നെയല്ലെ.

കോണ്‍ഗ്രസില്ലാത്ത ബി.ജെ.പി വിരുദ്ധമുന്നണിക്ക് പ്രസക്തിയില്ലെന്ന് തിരിച്ചറിഞ്ഞ നേതാവാണ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഈയിടെ പറ്റ്‌നയില്‍ സി. പി.ഐ (എം.എല്‍) സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തില്‍, കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിപക്ഷ ഐക്യനിര രൂപപെട്ടാല്‍ മാത്രമേ ബി. ജെ.പിക്ക് ഇനിയൊരു മുന്നേറ്റമുണ്ടാകാതിരിക്കുകയുള്ളുവെന്നു അദ്ദേഹം നിരീക്ഷിച്ചു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മഹാ സഖ്യമുണ്ടാക്കി തിരഞ്ഞെടുപ്പ് നേരിട്ടാല്‍ 2024ല്‍ ബി.ജെ.പിയെ 100 സീറ്റില്‍ താഴെ തളച്ചിടാന്‍ കഴിയുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. പ്രതിപക്ഷം എല്ലാം മറന്നു ഒന്നിച്ചാല്‍ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം മറ്റൊന്നാകുമെന്ന കാര്യം ഉറപ്പാണ്. സാഹചര്യം അതിന് അനുകൂലവുമാണ്. ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ വല്ലാതെ ശോഷിച്ചുപോയിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന ശിവസേന, ജെ. ഡി.യു, അകാലിദള്‍, ബിജു ജനതാദള്‍, ലോക്ദള്‍, ടി.ഡി.പി, ടി.ആര്‍.എസ്, ആം ആദ്മി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികളൊന്നും ഇപ്പോള്‍ അവര്‍ക്കൊപ്പമില്ല. അതേസമയം മുസ്‌ലിം ലീഗ് അടക്കം 17 ല്‍ പരം ഘടകകക്ഷികളുള്ള യു.പി.എ സഖ്യം ഏറെ ശക്തമായിട്ടുണ്ട്. രാജ്യത്തിന്റെ കിഴക്കെ അറ്റമായ അരുണാചല്‍പ്രദേശിലെ പാസിഘട്ടില്‍നിന്ന് പടിഞ്ഞാറ് ഭാഗമായ ഗുജറാത്തിലെ പോര്‍ബന്തറിലേക്ക് അടുത്ത ഭാരത ജോഡോ യാത്ര നടത്താനും കോണ്‍ഗ്രസ് പദ്ധതിയിട്ടിരിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും നവീകരിച്ച കോണ്‍ഗ്രസാണ് ഇപ്പോഴുള്ളത്. ഈ ഉന്മേഷം യു.പി.എ സഖ്യത്തിലും പ്രതിഫലിക്കുമെന്ന കാര്യം ഉറപ്പാണ്. രാജ്യത്ത് കഴിഞ്ഞ രണ്ട് പൊതുതിരഞ്ഞെടുപ്പുകളിലും പോള്‍ ചെയ്ത ആകെ വോട്ടിന്റെ 30 ശതമാനം ഒരു പെട്ടിയിലും ബാക്കി 70 ശതമാനം പല പെട്ടികളിലുമാണ് വീണത്. അതുകൊണ്ടാണ് കഴിഞ്ഞ ഒമ്പത് വര്‍ഷമായി 30 ശതമാനക്കാരന്‍ ഇന്ത്യ ഭരിക്കുന്നത് എന്ന യാഥാര്‍ത്ഥ്യം ജനം തിരിച്ചറിയണം. ഇനിയത് സംഭവിക്കരുത്. അതിന് മതേതര ജനാധിപത്യ കക്ഷികള്‍ കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്നു ഒറ്റകെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുക മാത്രമാണ് പോംവഴി.

 

 

webdesk11: