X
    Categories: CultureMoreViews

ബി.ജെ.പിക്കെതിരെ സോണിയയുടെ നേതൃത്വത്തില്‍ വിശാല സഖ്യം വരുന്നു

ന്യൂഡല്‍ഹി: വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നേരിടാന്‍ യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ വിശാല സഖ്യം അണിയറയില്‍ ഒരുങ്ങുന്നു. ഇതിന്റെ ചര്‍ച്ചകള്‍ക്കായി സോണിയ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്ക് തന്റെ വസതിയില്‍ വിരുന്നൊരുക്കുന്നുണ്ട്. 17 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ വിരുന്നില്‍ പങ്കെടുക്കും. അഭിപ്രായ ഭിന്നതകള്‍ മാറ്റിവെച്ച് പാര്‍ലമെന്റിനകത്തും പുറത്തും മോദി സര്‍ക്കാറിനെതിരെ ഒരുമിച്ച് നീങ്ങാന്‍ പ്രതിപക്ഷത്തെ സജ്ജമാക്കാനാണ് സോണിയയുടെ തീരുമാനം.

എന്‍.സി.പി, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍.ജെ.ഡി, എസ്.പി, ഡി.എം.കെ, മുസ്ലിംലീഗ്, ആര്‍.എല്‍.ഡി, ആര്‍.എസ്.പി, കേരള കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കള്‍ വിരുന്നിനെത്തും. സി.പി.എം നേതാവ് സീതാറാം യെച്ചൂരിയും സി.പി.ഐ നേതാവ് ഡി. രാജയും വിരുന്നില്‍ പങ്കെടുക്കുമെന്നാണ് വിവരം.

എന്‍.സി.പി നേതാവ് ശരത് പവാര്‍ വൈകീട്ടോടെയാണ് വിരുന്നില്‍ പങ്കെടുക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. നേരത്തെ പവാറിന്റെ നേതൃത്വത്തില്‍ മൂന്നാം മുന്നണി രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തെ ആശ്ചര്യപ്പെടുത്തിക്കൊണ്ടാണ് പവാര്‍ തന്നെ തീരുമാനം പ്രഖ്യാപിച്ചത്.

ബി.ജെ.പിയുമായി ഇടഞ്ഞ് നില്‍ക്കുന്ന തെലുങ്കുദേശം പാര്‍ട്ടിയെ വിരുന്നിന് ക്ഷണിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ടി.ആര്‍.എസ്, ബി.ജെ.ഡി പാര്‍ട്ടികളേയും ക്ഷണിച്ചിട്ടില്ല. ക്ഷണമുണ്ടെങ്കിലും വിരുന്നില്‍ പങ്കെടുക്കില്ലെന്ന് ബി.എസ്.പി നേതാവ് മായാവതി അറിയിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: