തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കിയതിനെതിരെ നിയമസഭയില്‍ വരുന്ന പ്രമേയത്തെ പ്രതിപക്ഷം പിന്തുണച്ചേക്കില്ല. മുഖ്യമന്ത്രി കൊണ്ടുവരുന്ന പ്രമേയത്തിന് സര്‍ക്കാരിനെകൂടി പ്രതിക്കൂട്ടിലാക്കുന്ന ഭേദഗതി കൊണ്ടുവന്നാകും പ്രതിപക്ഷം എതിര്‍പ്പ് പ്രകടിപ്പിക്കുക. നിയമോപദേശം തേടിയ സ്ഥാപനത്തിന്റെ അദാനി ബന്ധം അറിഞ്ഞില്ലെന്ന സര്‍ക്കാര്‍ വിശദീകരണവും പ്രതിപക്ഷം തള്ളി.
സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്ന ദിവസം തന്നെ പ്രതിപക്ഷ സഹകരണം കിട്ടാന്‍ പറ്റുന്ന വഴിയായിരുന്നു തിരുവനന്തപുരം വിമാനത്താവളം സംബന്ധിച്ച നിയമസഭാ പ്രമേയം. എന്നാല്‍ അദാനി ബന്ധമുള്ള കമ്പനിയുടെ നിയമോപദേശം ലേല നടപടിയില്‍ തേടിയെന്ന വാര്‍ത്ത പുറത്തുവന്നതോടെ പ്രതിപക്ഷം സര്‍ക്കാരിനെതിരായി. കമ്പനിയുടെ അദാനി ബന്ധം അറിഞ്ഞില്ലെന്ന സര്‍ക്കാര്‍ നിലപാട് പ്രതിപക്ഷം അംഗീകരിക്കുന്നില്ല. പ്രതിപക്ഷത്തെയും ജനങ്ങളെയും സര്‍ക്കാര്‍ വഞ്ചിച്ചെന്നാണ് പ്രതിപക്ഷ നിലപാട്. അതിനാല്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന പ്രമേയത്തെ പിന്തുണക്കേണ്ടതില്ലെന്നാണ് ഭൂരിപക്ഷം എംഎല്‍എമാരുടെയും നിലപാട്.
രാവിലെ ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാകും അന്തിമ തീരുമാനമെടുക്കുക. മുഖ്യമന്ത്രി കൊണ്ടുവരുന്ന പ്രമേയത്തിന് ഭേദഗതി നല്‍കുകയും അത് അംഗീകരിച്ചില്ലെങ്കില്‍ വിട്ടു നില്‍ക്കുകയും ചെയ്യുക എന്ന രീതിയാണ് ആലോചിക്കുന്നത്. ഭരണപക്ഷത്തെ അദാനി ബന്ധത്തെ വിമര്‍ശിക്കുന്ന ഭേദഗതിയാണ് കൊണ്ടു വരാന്‍ ഉദ്ദേശിക്കുന്നത്. അവിശ്വാസ പ്രമേയത്തില്‍ മാത്രമല്ല വിമാനത്താവള വിഷയത്തില്‍ സര്‍ക്കാരിനെതിരായ വിമര്‍ശം ഉന്നയിക്കാനുള്ള വേദിയായിട്ടാകും പ്രതിപക്ഷം ഇന്ന് നിയമസഭയെ ഉപയോഗപ്പെടുത്തുക.