മദ്യനയത്തില്‍ ഇടത് മുന്നണിയില്‍ എതിര്‍പ്പ്; മദ്യനയം കള്ള് വ്യവസായത്തെ തകര്‍ക്കും, എ.ഐ.ടി.യു.സി

സംസ്ഥാനത്തെ പുതിയ മദ്യനയത്തില്‍ ഇടത് മുന്നണിയില്‍ എതിര്‍പ്പ്. സര്‍ക്കാരിന്റെ മധ്യനയത്തിനെതിരെ എ.ഐ.ടി.യു.സി രംഗത്തെത്തി. മദ്യനയം കള്ള് വ്യവസായത്തെ തകര്‍ക്കുമെന്നും കള്ള് ചെത്ത് മേഖലയെ തഴഞ്ഞുവെന്നുമാണ് എഐടിയുസി ആരോപിക്കുന്നത്. റിസോര്‍ട്ടുകളിലും റസ്‌റ്റോറന്റുകളിലും കള്ള് ചെത്ത് അനുവദിക്കാന്‍ പാടില്ലെന്നും എ.ഐ.ടി.യു.സി ആവശ്യപ്പെട്ടു. രജിസ്‌ട്രേഡ് തൊഴിലാളികള്‍ക്ക് മാത്രമേ കള്ള് ചെത്താന്‍ അവകാശമുള്ളൂ. ബാഹ്യ ഏജന്‍സികള്‍ക്ക് അനുമതി നല്‍കുന്നത് അരാജകത്വമാണെന്ന് എഐടിയുസി വിമര്‍ശിച്ചു.

ഏപ്രില്‍ ഒന്നിന് നിലവില്‍ വരേണ്ട മദ്യനയത്തിന് മാസങ്ങള്‍ വൈകി ഇന്നലെയാണ് മന്ത്രിസഭയുടെ അംഗീകാരം കിട്ടിയത്. 30 ലക്ഷമായിരുന്ന ബാര്‍ ലൈസന്‍സ് ഫീസ് 5 ലക്ഷം കൂടി കൂട്ടുന്നതില്‍ ബാര്‍ ഹോട്ടല്‍ ഉടമകള്‍ക്ക് കടുത്ത എതിര്‍പ്പ് ഉണ്ടായിരുന്നു. എന്നാല്‍ ഇതില്‍ പുനഃപരിശോധന ഉണ്ടായിട്ടില്ല. സ്റ്റാര്‍ പദവി പുതുക്കാന്‍ അപേക്ഷ നല്‍കിയ ഹോട്ടലുകള്‍ക്ക് അത് കിട്ടുന്ന വരെ താല്‍കാലിക ലൈസന്‍സ് നല്‍കും. വിനോദ സഞ്ചാര മേഖലയില്‍ സീസണടുക്കുമ്പോള്‍ ബിയര്‍, വൈന്‍ വില്‍പ്പനക്ക് ലൈസന്‍സ് അനുവദിക്കാനാണ് തീരുമാനം. ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളുടേയും റെസ്‌റ്റോറന്റുകളുടേയും ഉടമസ്ഥതയുള്ള തെങ്ങില്‍ നിന്നും കള്ള് ചെത്തിയും അതിഥികള്‍ക്ക് നല്‍കാം. മദ്യകയറ്റുമതി പ്രോത്സാഹിപ്പിക്കാനായി ബ്രാന്‍ഡ് രജിസ്‌ട്രേഷ ഫീസും എക്‌സ്‌പോര്‍ട്ട് ഫീസും പുനക്രമീകരിക്കും. ഇനിയും തുറക്കാനുള്ള 309 ഔട്ട് ലൈറ്റുകള്‍ ഉടന്‍ തുറക്കും.

പുതിയ മദ്യനയത്തിന്റെ അടിസ്ഥാനത്തില്‍ സ്പിരിറ്റ് ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കും. കള്ളില്‍ നിന്ന് മൂല്യവര്‍ദധിത ഉല്‍പ്പന്നങ്ങള്‍ കുടുംബശ്രീ നിര്‍മ്മിക്കും. ഒരു ജില്ലയില്‍ നിന്നും മറ്റൊരു ജില്ലയിലേക്ക് കള്ളകൊണ്ടുപോകുന്ന വാഹനങ്ങള്‍ നിരീക്ഷിക്കാന്‍ സാങ്കേതിക സംവിധാനം കൊണ്ടുവരും. വിദ്യാഭ്യാസ കായികവകുപ്പുമായി സഹകരിച്ച് സംസ്ഥാനത്ത് ലഹരിക്കെതിരെ നടപടി ശക്തമാക്കും. കൂടുതല്‍ ലഹരിവിമുക്തി കേന്ദ്രങ്ങളും തുടങ്ങാനും മദ്യനയം വ്യവസ്ഥ ചെയ്യുന്നുണ്ട്.

webdesk13:
whatsapp
line