ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ ശനി, ഞായര്‍ ഇടവേളക്കു ശേഷം വര്‍ഷകാല സമ്മേളനത്തിന്റെ തുടര്‍ച്ചക്കായി പാര്‍ലമെന്റ് ഇന്ന് വീണ്ടും ചേരുമ്പോള്‍ മണിപ്പൂര്‍ വിഷയം ഉന്നയിച്ച് ഇരു സഭകളിലും ആഞ്ഞടിക്കാനൊരുങ്ങി പ്രതിപക്ഷം. കോണ്‍ഗ്രസ് നേതൃത്വത്തില്‍ രൂപം നല്‍കിയ ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം ഒരുമിച്ചായിരിക്കും സഭയില്‍ സര്‍ക്കാറിനെതിരെ പ്രതിഷേധമുയര്‍ത്തുക. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തിയ പ്രതിഷേധത്തില്‍ വര്‍ഷ കാല സമ്മേളനത്തിന്റെ ആദ്യ മൂന്നു ദിനങ്ങളും സഭ സ്തംഭിച്ചിരുന്നു. എന്നാല്‍ സഭയില്‍ മോദി വാ തുറക്കില്ലെന്നു തന്നെയാണ് ബി.ജെ.പി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. ഇന്ന് സഭ ചേരുമ്പോള്‍ ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തിയേക്കുമെന്ന് സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യത്തിലും ഔദ്യോഗിക സ്ഥിരീകരണമില്ല. മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ ഹ്രസ്വ ചര്‍ച്ചക്ക് ഒരുക്കമാണെന്ന് മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. ഈ സാഹചര്യത്തിലാണ് ആക്രമണത്തിന് മൂര്‍ച്ച കൂട്ടാന്‍ പ്രതിപക്ഷം ഒരുങ്ങുന്നത്.
പാര്‍ലമെന്റ് മന്ദിരത്തിനു മുന്നിലെ ഗാന്ധി പ്രതിമക്കു മുന്നില്‍ ഇന്ന് സംയുക്ത പ്രതിഷേധം സംഘടിപ്പിക്കാന്‍ ഇന്ത്യ സഖ്യം തീരുമാനിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഖാര്‍ഗെയുടെ ചേംബറില്‍ ചേര്‍ന്ന യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. ഇതിനു പിന്നാലെ ഇന്ന് വീണ്ടും ഖാര്‍ഗേയുടെ ചേംബറില്‍ പ്രതിപക്ഷം യോഗം ചേര്‍ന്നേക്കും. സഭയില്‍ സ്വീകരിക്കേണ്ട പൊതുതന്ത്രം യോഗത്തില്‍ ചര്‍ച്ച ചെയ്‌തേക്കുമെന്നാണ് വിവരം.
അതേസമയം തടസമുണ്ടാക്കലും ബഹളമുണ്ടാക്കലും രാഷ്ട്രീയ തന്ത്രമല്ലെന്നും അത് ജനാധിപത്യത്തെ നശിപ്പിക്കുമെന്നും ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ പറഞ്ഞു. പൊതുനന്മ ഉദ്ദേശിച്ചുകൊണ്ടുള്ള സംവാദങ്ങളും ചര്‍ച്ചകളുമാണ് ജനാധിപത്യം. തടസമുണ്ടാക്കലും ബഹളമുണ്ടാക്കലും രാഷ്ട്രീയ തന്ത്രമായി കാണുന്നതില്‍ തനിക്ക് ആശങ്കയും വേദനയുമുണ്ട്. ശക്തമായ നിയമവ്യവസ്ഥകളാണ് നമുക്കുള്ളത്. നിയമങ്ങളെ വെല്ലുവിളിക്കുന്ന തെരുവ് പ്രകടനങ്ങള്‍ ജനാധിപത്യത്തിന്റെ മുഖമുദ്രയല്ലെ ന്നും ഉപരാഷ്ട്രപതി വ്യക്തമാക്കി.