കെ.കെ രമയെ അധിക്ഷേപിച്ച് നിയമസഭയില്‍ എം.എം മണി നടത്തിയ പ്രസംഗത്തെ തുടര്‍ന്നുണ്ടായ വിവാദം നാലുദിവസം പിന്നിടുമ്പോഴും പ്രസ്താവന തിരുത്താന്‍ തയാറാകാത്ത സാഹചര്യത്തില്‍ നിലപാട് കടുപ്പിച്ച് യു.ഡി.എഫ്. മണി മാപ്പ് പറയുന്നതുവരെ വിട്ടുവീഴ്ചക്കില്ലെന്നാണ് പ്രതിപക്ഷ കക്ഷികളുടെ തീരുമാനം. മണി പ്രസ്താവന തിരുത്തിയില്ലെന്ന് മാത്രമല്ല, ഇനിയും രമയെ ഇതുപോലെ വിമര്‍ശിക്കുമെന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ കെ.കെ രമയെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള സി.പി.എം നീക്കത്തെ നേര്‍ക്കുനേര്‍ നിന്ന് ചെറുക്കുമെന്ന സന്ദേശമാകും ഇന്ന് പ്രതിപക്ഷം നിയമസഭയില്‍ സ്വീകരിക്കുന്ന നിലപാട്.
രമയെ അധിക്ഷേപിച്ചതിന് പിന്നാലെ സി.പി.ഐ നേതാവ് ആനി രാജയെയും മണി സമാനമായ നിലയില്‍ ആക്ഷേപിച്ച് സംസാരിച്ചിരുന്നു. നിയമസഭാംഗവും ദേശീയനേതാവുമായ സ്ത്രീകള്‍ക്കുപോലും രക്ഷയില്ലെന്ന നിലയെങ്കില്‍ സാധാരണ വനിതകളുടെ സ്ഥിതി എന്താകുമെന്ന ചോദ്യമുയര്‍ത്തിയാണ് യു.ഡി.എഫ് പ്രതിഷേധം കടുപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇന്ന് നിയമസഭയിലടക്കം മണി മാപ്പ് പറയണമെന്ന ആവശ്യം ആവര്‍ത്തിക്കാന്‍ തന്നെയാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. നാലുചുറ്റിലും കാവല്‍ നിന്ന് കാപാലികരില്‍ നിന്നും കെ.കെ രമയെ യു.ഡി.എഫ് സംരക്ഷിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം പ്രധാന ഘടകകക്ഷിയായ സി.പി.ഐയുടെ മുതിര്‍ന്ന നേതാവ് ആനി രാജക്കെതിരെ മോശം ഭാഷ ഉപയോഗിച്ചിട്ടും സി.പി.എം നേതാക്കളാരും മണിയെ നിയന്ത്രിക്കാന്‍ തയാറാകുന്നില്ല. കെ.കെ രമയെ ആസൂത്രിതമായി ആക്രമിക്കുക തന്നെയാണ് സി.പി.എമ്മിന്റെ ലക്ഷ്യമെന്ന പ്രതിപക്ഷ ആരോപണത്തെ ഇത് ശരിവെക്കുന്നു. ഇതിനിടെ മണിയുമായുള്ള വിവാദത്തില്‍ ആനി രാജയെ സി.പി.ഐ സംസ്ഥാന നേതൃത്വം കൈവിട്ടത് ഇടത് നേതാക്കളെ പോലും ആശ്ചര്യപ്പെടുത്തി. നേതാക്കളുമായി ആലോചിക്കാതെയാണ് ആനി രാജയുടെ പ്രതികരണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. സി.പി.ഐ നേതാവും പാര്‍ട്ടിയുടെ ഏക വനിതാ മന്ത്രിയുമായ ജെ. ചിഞ്ചുറാണിയാകട്ടെ എങ്ങും തൊടാതെ ഒഴിഞ്ഞുമാറി. പ്രതികരിക്കേണ്ട വേദിയില്‍ പ്രതികരിക്കുമെന്നാണ് ചിഞ്ചുറാണി പറഞ്ഞത്. അതേസമയം തനിക്ക് നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്നും കാനമടക്കമുള്ള എല്ലാ നേതാക്കളും പ്രതികരിക്കണമെന്നില്ലെന്നും ആനി രാജ പറഞ്ഞു.