X

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ബി.ജെ.പി യോഗത്തില്‍; വിവാദം പുകയുന്നു

ന്യൂഡല്‍ഹി: ബി.ജെ.പി-ആര്‍.എസ്.എസ് യോഗത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പങ്കെടുത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ച് ബി.ജെ.പി നേതാക്കള്‍ ചര്‍ച്ച ചെയ്യുന്ന യോഗത്തിലാണ് രാജ്യത്തെ ഉന്നത പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥന്‍ പങ്കെടുത്തത്. ഞായറാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ വസതിയിലായിരുന്നു യോഗം. ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നീ നിയമസഭാ തെരഞ്ഞെടുപ്പുകളായിരുന്നു ചര്‍ച്ചാ വിഷയം. ഈയോഗത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പങ്കെടുത്തതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ്, മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് കൃഷ്ണ ഗോപാല്‍ എന്നിവരുള്‍പ്പെടെയുള്ളവരും യോഗത്തില്‍ സംബന്ധിച്ചിരുന്നു. രഹസ്യാന്വേഷണ വിഭാഗത്തില്‍ പ്രവര്‍ത്തിക്കവെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ച പരിചയം ഡോവലിനുണ്ട്. ഇത് ഉപയോഗപ്പെടുത്താനാണ് അദ്ദേഹത്തെ ബി.ജെ.പി യോഗത്തില്‍ ഉള്‍പ്പെടുത്തിയതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെപ്പോലെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പങ്കെടുത്തത് എങ്ങിനെയാണെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷം ആവശ്യം ആവശ്യപ്പെട്ടു. ആഭ്യന്തരമന്ത്രി ഉടന്‍തന്നെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണം. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും നേതാക്കള്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പു വിജയത്തിനായി ബി.ജെ.പി ഭരണസംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായി നേരത്തെയും തെളിവുകള്‍ പുറത്തുവന്നിരുന്നു. ഈ വിഷയം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയതായി സിപിഎം ത്രിപുര സെക്രട്ടറി ബിജന്‍ ധര്‍ വ്യക്തമാക്കി.

chandrika: