X

പൊലീസ് നിഷ്‌ക്രിയമെന്ന് പ്രതിപക്ഷം; ‘വര്‍ഗീയ ശക്തി’കള്‍ക്കെതിരെ സി.പി.എം

CPIM FLAG

തിരുവനന്തപുരം: തുടര്‍ച്ചയായുണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങളും അക്രമസംഭവങ്ങളും ആഭ്യന്തര വകുപ്പിന്റെ വീഴ്ചയെന്ന് വ്യക്തമാകുമ്പോഴും പൊലീസിനെ പഴിചാരാതെ ‘വര്‍ഗീയ ശക്തി’കളെന്ന ന്യായീകരണവുമായി സി.പി.എമ്മും ഇടതുമുന്നണിയും. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കു പിന്നില്‍ വര്‍ഗീയ ശക്തികളാണെന്ന് ആവര്‍ത്തിച്ചുപറയുന്ന മന്ത്രിമാര്‍ പൊലീസിന്റെ നിഷ്‌ക്രിയത്വം കണ്ടില്ലെന്ന നടിക്കുകയാണ്.

ഇരുപത്തിനാല് മറിക്കൂറിനുള്ളില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിട്ടും പൊലീസിന്റെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ യാതൊരു അപാകതയും കാണുന്നില്ലെന്നതാണ് വിചിത്രം. അക്രമങ്ങള്‍ക്ക് പിന്നില്‍ വര്‍ഗീയ ശക്തികളാണെന്നത് പുതിയ കണ്ടുപിടുത്തമല്ല. എന്നാല്‍ കൊലപാതകങ്ങള്‍ തടയാന്‍ ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനുള്ള യാതൊരു നീക്കവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. അതേസമയം ഇരട്ടക്കൊലപാതകം നടന്ന് 24 മണിക്കൂറിനു ശേഷം ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പ്രതികരണവുമായി രംഗത്തെത്തി. നാടിന്റെ നന്മക്ക് വിഘാതം സൃഷ്ടിക്കാനായി നടത്തിയ നിഷ്ഠുര കൃത്യങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനമുണ്ടാകുമെന്ന് പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

വര്‍ഗീയതയുടെയും സങ്കുചിതത്വത്തിന്റേയും വിഷവുമായി നാടിനെ അസ്വസ്ഥമാക്കുന്ന ഇത്തരം ശക്തികളെ തിരിച്ചറിഞ്ഞ് അകറ്റി നിര്‍ത്തണം. പ്രകോപനനീക്കങ്ങളിലും കിംവദന്തികളിലും വശംവദരാകാതെ സമാധാനവും സൗഹാര്‍ദവും സംരക്ഷിക്കാന്‍ എല്ലാവരും രംഗത്തിറങ്ങണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. അതേസമയം പൊലീസ് ഇന്റലിജന്‍സ് സംവിധാനം ഫ്രീസറിലാണെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. സംസ്ഥാനത്തെ സ്‌പെഷ്യല്‍ ബ്രാഞ്ച്, ഇന്റലിജന്‍സ് വിഭാഗങ്ങള്‍ ഒന്നും അറിയുന്നില്ല. സംഘര്‍ഷം അടിച്ചമര്‍ത്തണമെന്നായിരുന്നു പാലക്കാട് ജില്ലയുടെ ചുമതലയുളള മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയുടെ നിര്‍ദ്ദേശം. ഇരു സംഘടനകളുമായും കൊടുക്കല്‍ വാങ്ങല്‍ നടത്തിയ സി.പി.എമ്മും സര്‍ക്കാരുമാണ് ഇപ്പോഴത്തെ അവസ്ഥക്ക് ഉത്തരവാദികളെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

അതേസമയം സംഘര്‍ഷത്തിന്റെ പേരില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താനാണ് ചിലരുടെ ശ്രമമെന്നും സമാധാനം തകര്‍ക്കുന്നത് വര്‍ഗീയ കക്ഷികളെന്നും ഇടതുമുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞു. ഇതുവരെ പൊലീസ് സ്വീകരിച്ച നടപടികള്‍ തൃപ്തികരമെന്നായിരുന്നു സ്പീക്കര്‍ എം.ബി രാജേഷിന്റെ പ്രതികരണം.

Test User: