X

പാർലമെന്റ് കെട്ടിടത്തിലെ ചോർച്ച ലോക്സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം; ചെറിയ പ്രശ്നമെന്ന് കേന്ദ്രം

പാർലമെന്റ് മന്ദിരത്തിൽ മഴമൂലം ചോർച്ചയുണ്ടായ വിഷയം ലോക്സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. വിഷയത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയെങ്കിലും ചെറിയ പ്രശ്നം മാത്രമാണ് ഇതെന്നായിരുന്നു കേന്ദ്രസർക്കാറിന്റെ വിശദീകരണം. കഴിഞ്ഞ ദിവസം കോൺഗ്രസ് എം.പി മാണിക്കം ടാഗോർ വിഡിയോ പങ്കുവെച്ചതോടെയാണ് സംഭവം വിവാദമായത്. ഇന്ന് വിഷയത്തിൽ ലോക്സഭയിൽ കോൺഗ്രസ് എം.പി നോട്ടീസ് നൽകുകയും ചെയ്തു. പാർലമെന്റ് കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായി ഒരു വർഷത്തിനുള്ളിലാണ് ചോർച്ചയുണ്ടായിരിക്കുന്നതെന്ന് നോട്ടീസിൽ അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പാർലമെന്റിന്റെ ചോർച്ചയെ സംബന്ധിച്ചും നിർമാണത്തെ കുറിച്ചും പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പ്രതിപക്ഷ എം.പിമാരെ കൂടെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കണമെന്നും നോട്ടീസിൽ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. പാർലമെന്റിൽ നടക്കുന്ന അറ്റകൂറ്റപ്പണികൾ സമിതിയുടെ നേതൃത്വത്തിൽ സുതാര്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പുതിയ പാർലമെന്റിന്റെ ലോബിയുടെ മേൽക്കൂരയിൽനിന്ന് മഴവെള്ളം ഒഴുകുന്ന വിഡിയോ പുറത്തുവന്നത്. കഴിഞ്ഞ വർഷം മേയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പുതിയ പാർലമെന്റ് മന്ദിരം ഏകദേശം 1,200 കോടി രൂപ ചെലവിൽ ടാറ്റ പ്രോജക്ട്സ് ആണ് നിർമിച്ചത്. അഹമ്മദാബാദ് ആസ്ഥാനമായുള്ള എച്ച്‌.സി.പി, ആർക്കിടെക്റ്റ് ബിമൽ പട്ടേലിന്റെ നേതൃത്വത്തിൽ രൂപകല്പന ചെയ്തതാണിത്.

എന്നാൽ, വിഷയത്തിൽ മൗനം പാലിക്കുകയാണ് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ ചെയ്തത്. അതിനി​ടെ, കെട്ടിടത്തിന്റെ ലോബിക്ക് മുകളിലുള്ള ഗ്ലാസ് ഡോമുകൾ ശരിയാക്കാൻ ഒട്ടിച്ച വസ്തുക്കൾക്ക് ചെറുതായി സ്ഥാനചലനം സംഭവിച്ചതാണെന്നും ചെറിയ തോതിൽ വെള്ളം ചോർന്നുവെന്നുമുള്ള ഒഴുക്കൻ മറുപടിയിൽ ലോക്‌സഭാ സെക്രട്ടേറിയറ്റ് പ്രസ്താവനയിറക്കിയിട്ടുണ്ട്.

webdesk13: