X

സര്‍ക്കാറിന്റെ കര്‍ഷകവിരുദ്ധ നിലപാട്: നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്

 

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാര്‍ സ്വീകരിക്കുന്ന കര്‍ഷകവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇന്നലെ നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. വിഷയം ചൂണ്ടിക്കാട്ടി കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണി ഉന്നയിച്ച അടിയന്തരപ്രമേയ ചര്‍ച്ചക്ക് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു ഇറങ്ങിപ്പോക്ക്. യു.ഡി.എഫിന് പിന്നാലെ കേരള കോണ്‍ഗ്രസ്, ബി.ജെ.പി കക്ഷികളും വാക്കൗട്ടുമായി സഹകരിച്ചു. അടിയന്തരപ്രമേയ നോട്ടീസ് അവതരണം കേരള കോണ്‍ഗ്രസും സി.പി.ഐയും തമ്മിലുള്ള ശീതസമരം വെളിപ്പെടുത്തിയതും ശ്രദ്ധേയമായി.

കേരളത്തിലാണ് ഏറ്റവും അധിക കര്‍ഷക ആത്മഹത്യ നടക്കുന്നതെന്ന കെ.എം.മാണിയുടെ ആരോപണത്തെ കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ രൂക്ഷമായി വിമര്‍ശിച്ചതിലൂടെയാണ് സി.പി.ഐയുടെ മനോഭാവം പുറത്തുവന്നത്. ഇതിനെ ചോദ്യം ചെയ്ത് കെ.എം മാണി കേരള കോണ്‍ഗ്രസിന്റെ നിലപാടും വ്യക്തമാക്കി. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി 22 മാസം കഴിയുമ്പോള്‍ സംസ്ഥാനത്ത് ഒരു കര്‍ഷകന്‍ പോലും ആത്മഹത്യ ചെയ്തിട്ടില്ലെന്ന് സുനില്‍കുമാര്‍ പറഞ്ഞു. അതേസമയം മുന്‍സര്‍ക്കാറിന്റെ കാലത്ത് 61 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. മാനന്തവാടിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തത് കടബാധ്യതയെ തുടര്‍ന്നാണോ എന്ന് അറിവായിട്ടില്ല. ഇത് സംബന്ധിച്ച് വയനാട് കലക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. രാജ്യത്ത് കര്‍ഷകആത്മഹത്യ നടക്കുന്ന സംസ്ഥാനങ്ങളെ കുറിച്ച് കേന്ദ്ര ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ തയാറാക്കിയ റിപ്പോര്‍ട്ടില്‍ കേരളമില്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിക്കുകയും പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയുമായിരുന്നു.

chandrika: