പട്ടികജാതി-പട്ടിക വർഗ പ്ലാൻ ഫണ്ടിലെ തുക ഒഴിവാക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌ക്കരിച്ചു. സ്‌കോളർഷിപ്പടക്കം മുടങ്ങുന്ന വിഷയത്തിൽ സർക്കാർ അടിയന്തര പ്രമേയത്തിന് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ചാണ് സഭ ബഹിഷ്‌ക്കരിച്ചത്.
450 കോടി പട്ടികജാതിക്കാരുടെയും 111 കോടി പട്ടിക വർഗ്ഗക്കാരുടെയും പ്ലാൻഫണ്ടാണ് സർക്കാർ വെട്ടിക്കുറച്ചത്. ഹോസ്റ്റൽ ഫീസ് കൊടുക്കാനില്ലാതെ കുട്ടികൾ പ്രയാസപ്പെടുന്ന സാഹചര്യമുണ്ടെന്നും നിരവധി ക്ഷേമ പദ്ധതികൾ മുടങ്ങിക്കിടക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.
ഇങ്ങനെയൊരു സർക്കാരിനെ വെച്ചുപൊറുപ്പിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. വിഷയം അവതരിപ്പിച്ചപ്പോൾ ഭരണപക്ഷം പോലും സ്തംഭിക്കുന്ന അവസ്ഥയുണ്ടായി. പട്ടികജാതിക്കാരോട് ഇത്രമാത്രം അവഗണനയുണ്ടെന്ന് ഭരണപക്ഷം പോലും മനസ്സിലാക്കിയത് ഇന്നാണ്. ഇതൊരു ചെറിയ കാര്യമില്ല. വന്യമൃഗങ്ങൾ മനുഷ്യരെ കൊന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലും നിസ്സംഗമായി ഇരിക്കുന്ന സർക്കാറിനെ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.