തിരുവനന്തപുരം: ശബരിമല വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നിയമസഭ നിര്‍ത്തിവെച്ചു. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നും ചോദ്യോത്തരവേള സസ്‌പെന്‍ഡ് ചെയ്ത് വിഷയം ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്ന പ്രതിപക്ഷ പ്രതിഷേധം.
പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിക്കാതെ സ്പീക്കര്‍ മുഖ്യമന്ത്രിക്ക് സംസാരിക്കാന്‍ അവസരം നല്‍കുകയായിരുന്നു. മുഖ്യമന്ത്രിയുടെ മറുപടി ദീര്‍ഘിച്ചതോടെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. 45 മിനിറ്റാണ് മുഖ്യമന്ത്രിക്ക് സ്പീക്കര്‍ അനുവദിച്ചത്. മുഖ്യമന്ത്രിക്ക് സംസാരിക്കാന്‍ യഥേഷ്ടം സമയം നല്‍കിയ സ്പീക്കര്‍ സഭാ ചട്ടങ്ങള്‍ ലംഘിച്ചെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. തുടര്‍ന്ന് പ്രതിപക്ഷ പ്രതിഷേധം കനത്തതോടെ സ്പീക്കര്‍ സഭ നിര്‍ത്തിവെക്കുകയായിരുന്നു.