X

പറ്റ്‌നയില്‍ പ്രതിപക്ഷ പടയൊരുക്കം; ബി.ജെ.പി കേന്ദ്രങ്ങളില്‍ നെഞ്ചിടിപ്പ്‌

പറ്റ്‌ന: ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബി.ജെ.പി വിരുദ്ധ ചേരിയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിപക്ഷത്തിന്റെ നിര്‍ണായക യോഗം ഇന്ന് പറ്റ്‌നയില്‍. കേന്ദ്രത്തില്‍ നിന്ന് ബി.ജെ.പി സര്‍ക്കാറിനെ താഴെയിറക്കാന്‍ സമാന മനസ്‌കരായ കക്ഷികളെ എങ്ങനെ ഒരു വേദിയില്‍ എത്തിക്കാമെന്നതിനെക്കുറിച്ച് ആലോചിക്കാനാണ് യോഗം. 16 പ്രതിപക്ഷ കക്ഷികളുടെ പ്രതിനിധികള്‍ യോഗത്തിനെത്തും.
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെയും നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും എസ്.പിയും ഡി.എം.കെയും ഇടതുപക്ഷവും ഉള്‍പ്പെടെ പ്രമുഖ കക്ഷികളെല്ലാം സംബന്ധിക്കും. കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെയും രാഹുല്‍ ഗന്ധിയുമാകും യോഗത്തില്‍ പങ്കെടുക്കുക. തൃണമൂലിനെ പ്രതിനിധീകരിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും എത്തും.

ഡി.എം.കെ പ്രതിനിധിയായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും സമാജ്‌വാദി പാര്‍ട്ടിയെ പ്രതിനിധീകരിച്ച് അഖിലേഷ് യാദവും എന്‍. സി.പിയില്‍ നിന്ന് ശരത് പവാറും പങ്കെടുക്കും. അതേസമയം ഡല്‍ഹി ഓര്‍ഡിനന്‍സ് വിഷയത്തില്‍ പരസ്യ പിന്തുണ നല്‍കാന്‍ കോ ണ്‍ഗ്രസ് തയ്യാറായില്ലെങ്കില്‍ യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് എ.എ.പി കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ യോഗത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പങ്കെടുത്തേക്കുമെന്നാണ് രഹസ്യ വിവരം. വലിയ മുന്നൊരുക്കങ്ങളാണ് പ്രതിപക്ഷ കക്ഷികളുടെ യോഗത്തിന് മുന്നോടിയായി പട്‌നയില്‍ നടന്നിട്ടുള്ളത്. കൂട്ടായ്മയില്‍ പങ്കെടുക്കുന്നതിന് എത്തുന്ന കക്ഷി നേതാക്കളെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്ററുകളും ബാനറുകളും കമാനങ്ങളും നഗരത്തിലാകെ ഇടംപിടിച്ചിട്ടുണ്ട്. എല്ലാ കക്ഷികളുടേയും നേതാക്കള്‍ ഒരുമിച്ചുള്ള പോസ്റ്ററുകള്‍ക്ക് പുറമെ, വിവിധ കക്ഷികള്‍ തങ്ങളുടെ നേതാക്കളെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രത്യേക പോസ്റ്ററുകളും നഗരത്തിലുണ്ട്.

കോണ്‍ഗ്രസ് ആസ്ഥാനത്തിനു മുന്നില്‍ ഖാര്‍ഗെയുടെയും രാഹുലിന്റെയും ചിത്രങ്ങളുള്ള കൂറ്റന്‍ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. പട്‌ന വിമാനത്താവള പരിസരത്തും നേതാക്കളെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്ററുകളുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സാധ്യമായത്ര സീറ്റുകളില്‍ പൊതു സ്ഥാനാര്‍ത്ഥികള്‍ എന്നതാണ് ജെ. ഡി.യുവും ആര്‍.ജെ. ഡിയുവും മുന്നോട്ടുവെക്കുന്ന ഫോര്‍മുല. 400 മുതല്‍ 450 വരെ സീറ്റുകളില്‍ പൊതു സ്ഥാനാര്‍ത്ഥി വേണമെന്നാണ് ആവശ്യം.

540 ലോക്‌സഭാ സീറ്റുകളില്‍ 400നു മുകളില്‍ സീറ്റില്‍ പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ കഴിഞ്ഞാല്‍ ബി. ജെ.പി ഉയര്‍ത്തുന്ന വെല്ലുവിളിയെ അനായാസം അതിജീവിക്കാനാകുമെന്നാണ് നിതീഷിന്റെയും തേജസ്വിയുടേയും തന്ത്രം. തത്വത്തില്‍ ഈ നിര്‍ദേശത്തോട് വിവിധ കക്ഷികള്‍ സമ്മതം അറിയിച്ചിട്ടുണ്ടെങ്കിലും ഏതെല്ലാം സീറ്റില്‍ പൊതു സ്ഥാനാര്‍ത്ഥി എന്നതടക്കം ചര്‍ച്ചയാകുമെന്നാണ് വിവരം. പ്രതിപക്ഷ ഐക്യശ്രമങ്ങളില്‍ യോഗം നിര്‍ണായകമായി മാറുമെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് പറഞ്ഞു.

webdesk11: