ന്യൂഡല്‍ഹി: വോട്ടിങ് മെഷീന്‍ അട്ടിമറി തടയാന്‍ 50 ശതമാനം വി.വി പാറ്റുകള്‍ എണ്ണണമെന്ന ആവശ്യത്തിലുറച്ച് പ്രതിപക്ഷ കക്ഷികള്‍. ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലെ ആവശ്യങ്ങള്‍ പൂര്‍ണമായും അംഗീകരിക്കാത്തതിനെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന 21 പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗം തീരുമാനിച്ചു. വി.വി പാറ്റ് രസീതുകള്‍ എണ്ണാന്‍ വേണ്ട സമയത്തെക്കുറിച്ച് തെരഞ്ഞെടുപ്പു കമ്മിഷന്‍ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു. വോട്ടിങ് യന്ത്രങ്ങളുടെ സുതാര്യത ഉറപ്പുവരുത്തണമെന്ന് തെലുങ്കുദേശം പാര്‍ട്ടി നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവും, ഇവിടെ എന്താണ് നടക്കുന്നതെന്ന് സുപ്രീംകോടതിക്ക് അറിയില്ലെന്ന് എ.എ.പിയെ പ്രതിനിധീകരിച്ചെത്തിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും പ്രതികരിച്ചു.
ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് വിവിധ പാര്‍ട്ടികളുടെ നേതാക്കള്‍ നടത്തിയത്. ബാലറ്റ് പേപ്പറിലേക്ക് എത്രയും വേഗം തിരികെ പോകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ജര്‍മനി, ഹോളണ്ട് മുതലായ വികസിത രാജ്യങ്ങളില്‍പ്പോലും ഇപ്പോഴും ബാലറ്റ് പേപ്പറാണ് വോട്ടെടുപ്പിന് ഉപയോഗിക്കുന്നതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. വോട്ടിങ് യന്ത്രങ്ങളുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ച് ഇത്രയേറെ പരാതികള്‍ ഉയര്‍ന്നിട്ടും തിരഞ്ഞെടുപ്പു കമ്മിഷന്‍ വേണ്ടവിധം ഇതു പരിഗണിക്കുന്നില്ലെന്നും ആക്ഷേപമുയര്‍ന്നു.
50 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന പ്രതിപക്ഷ കക്ഷികളുടെ ആവശ്യം നിരാകരിച്ച സുപ്രീംകോടതി, 35 ശതമാനം വിവിപാറ്റുകള്‍ എണ്ണണമെന്നാണ് വിധിച്ചിരുന്നത്. തിരഞ്ഞെടുപ്പു കമ്മിഷന്‍ നിര്‍ദ്ദേശിച്ച 30 ശതമാനത്തിനൊപ്പം അഞ്ചു ശതമാനം കൂടി കൂട്ടിയായിരുന്നു ഇത്. എന്നാല്‍, ഇതു പോരെന്നും തെരഞ്ഞെടുപ്പു പ്രക്രിയ സുതാര്യമാണെന്ന് ഉറപ്പാക്കാന്‍ 50 ശതമാനം വിവിപാറ്റ് രസീതുകളും എണ്ണണമെന്നുമാണ് പ്രതിപക്ഷ കക്ഷികളുടെ നിലപാട്. ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ വ്യാപക അട്ടിമറി നടന്നുവെന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് തിരക്കിട്ട നീക്കങ്ങളുമായി പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരിക്കുന്നത്.