ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയ്ക്കെതിരെ പോര്‍മുഖം തുറക്കുന്നതിന് പ്രതിപക്ഷ പാര്‍ട്ടികളുടെ വിശാല സഖ്യത്തിന്റെ സുപ്രധാന യോഗം ആരംഭിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ഏറെ പ്രാധാന്യമുള്ളതാണ് ഇന്നത്തെ യോഗം.
ബി.ജെ.പി വിരുദ്ധ നിലപാടുകളുള്ളട 17 പ്രതിപക്ഷ കക്ഷികളാണ് നിലവില്‍ വിശാല മുന്നണിയുടെ ഭാഗമായിട്ടുള്ളത്. ഈ കക്ഷികളുടെ പ്രതിനിധികളും നേതാക്കളും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം. യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവരും ആര്‍.ജെ.ഡി, തൃണമൂല്‍ കോണ്‍ഗ്രസ്, ബി.എസ്.പി, തെലുങ്കു ദേശം പാര്‍ട്ടി, നാഷണല്‍ കോണ്‍ഫറന്‍സ്, എന്‍.സി.പി, ഡി.എം.കെ തുടങ്ങിയ കക്ഷികളുടെ നേതാക്കളും യോഗത്തിനെത്തിയേക്കും. മമതാ ബാനര്‍ജി, മായാവതി, ശരത് പവാര്‍, എം.കെ സ്റ്റാലിന്‍, ചന്ദ്രബാബു നായിഡു തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നണ്ട്.
യോഗത്തില്‍ പങ്കെടുക്കുമെന്ന് സമാജ് വാദി പാര്‍ട്ടി മുതിര്‍ന്ന നേതാവ് മുലായം സിങ് യാദവ് പറഞ്ഞു. ഡല്‍ഹിയില്‍ ഇന്ന് നടക്കുന്ന യോഗം സുപ്രധാനമാണ്. തീര്‍ച്ചയായും പങ്കെടുക്കുമെന്ന് എസ്പിയുടെ റിബല്‍ നേതാവും സഹോദരനുമായ ശിവപാല്‍ യാദവ് സംഘടിപ്പിച്ച റാലിയില്‍ പങ്കെടുക്കവെ അദ്ദേഹം വ്യക്തമാക്കി. അതേ സമയം ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന. കഴിഞ്ഞയിടെ വരെ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ആം ആദ്മി പാര്‍ട്ടി പങ്കെടുത്തിരുന്നില്ല. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിലും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും സ്വീകരിക്കേണ്ട സമീപനങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. എല്‍.ജെ.ഡി നേതാവ് ശരത് യാദവ് ആണ് ഡല്‍ഹിയില്‍ യോഗം വിളിച്ചിരിക്കുന്നത്. നാളെയാണ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്നത്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രതിപക്ഷത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. യോഗത്തിനു ശേഷം കൂടുതല്‍ കക്ഷികള്‍ വിശാല മുന്നണിയിലേക്ക് കടന്നുവരുമെന്ന് ആര്‍.എല്‍.ഡി നേതാക്കള്‍ പറയുന്നു.
അതിനിടെ ഡി.എം.കെ പ്രസിഡന്റ് എം.കെ സ്റ്റാലിന്‍ യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയുമായും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി. പ്രതിപക്ഷ പാര്‍ട്ടികളുടെ നിര്‍ണായക യോഗം നടക്കാനിരിക്കെയാണിത്. സോണിയാ ഗാന്ധിയുടെ 72ാം ജന്മദിനത്തില്‍ ആശംസകള്‍ അര്‍പ്പിക്കാന്‍ എത്തിയതായിരുന്നു സ്റ്റാലിന്‍. കേന്ദ്രമന്ത്രി ഡി. രാജയും കനിമൊഴിയും സ്റ്റാലിനൊപ്പം ഉണ്ടായിരുന്നു. വളരെ ഊഷ്മളവും സൗഹാര്‍ദപരവുമായ ചര്‍ച്ചകളാണ് നടന്നതെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ചര്‍ച്ചകള്‍ തുടരുമെന്നും എന്‍ഡിഎ വിരുദ്ധ സഖ്യം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.