X
    Categories: CultureMoreViews

മോദി സര്‍ക്കാറിനെതിരെ പ്രതിപക്ഷ കക്ഷികള്‍ സംയുക്തമായി രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങുന്നു

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങുന്നു. സര്‍ക്കാറിനെതിരെ ഒരു ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം. ഇത് സംബന്ധിച്ച് വിവിധ പാര്‍ട്ടികളുടെ മുതിര്‍ന്ന നേതാക്കള്‍ നിരവധി തവണ ചര്‍ച്ച നടത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രക്ഷോഭത്തിന്റെ ഭാഗമായി ഓഗസ്റ്റില്‍ ഭാരത ബന്ദ് നടത്താനും തീരുമാനമായിട്ടുണ്ട്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എല്‍.ജെ.ഡി നേതാവ് ശരത് യാദവ് എന്നിവര്‍ പ്രക്ഷോഭം സംബന്ധിച്ച് ധാരണയിലെത്തിയിട്ടുണ്ട്. കൂടുതല്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.

രാജ്യത്തെ സാമ്പത്തിക മേഖലയുടെ തകര്‍ച്ച, ഇന്ധന വില വര്‍ധന, ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍, ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ തട്ടിപ്പ് തുടങ്ങിയ വിഷയങ്ങള്‍ അടുത്ത ആഴ്ച തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ശക്തമായി ഉന്നയിക്കാനും പ്രതിപക്ഷ നേതാക്കള്‍ തീരുമാനിച്ചു. സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രഖ്യാപനങ്ങളുടേതാകുമെന്നതിനാല്‍ അതിന് മുമ്പ് മോദി സര്‍ക്കാറിന്റെ പരാജയം ജനങ്ങള്‍ക്ക് മുന്നിലെത്തിക്കാനാണ് പ്രതിപക്ഷം ആലോചിക്കുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: