X

ദിശാബോധം ഇല്ലാത്ത ബജറ്റ്; വന്‍ വിലകയറ്റമുണ്ടാക്കും; വിമര്‍ശനവുമായി പ്രതിപക്ഷ എംപിമാര്‍

ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് സാമ്പത്തിക മേഖലയെ കുറിച്ച് ശരിയായ ദിശാബോധമുള്ള ഒന്നല്ലെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി. വ്യക്തമായ സാമ്പത്തിക വീക്ഷണം ഇല്ലാത്ത ബജറ്റാണിതെന്നും തൊഴിലില്ലായ്മയെ നേരിടാനുള്ള യാതൊരു നടപടിയും ബജറ്റില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് പ്രേമചന്ദ്രന്‍ വിമര്‍ശിച്ചു. രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങളായ തൊഴിലില്ലായ്മ, നാണയപ്പെരുപ്പം തുടങ്ങിയ വിഷയങ്ങളൊന്നും ബജറ്റിൽ പരാമർശിച്ചില്ല. മോദി സർക്കാരിന്റെ നേട്ടങ്ങൾ പറയാനാണ് ബജറ്റിൽ കൂടുതൽ സമയവും വിനിയോഗിച്ചതെന്നും പ്രേമചന്ദ്രൻ ആരോപിച്ചു. 

രണ്ടാം മോദി സര്‍ക്കാരിന്റെ ബജറ്റ് വലിയ വിലക്കയറ്റമുണ്ടാക്കുന്നതാണെന്ന് ആന്റോ ആന്റണി എം.പിയു കുറ്റപ്പെടുത്തി. ബജറ്റില്‍ രണ്ടരമണിക്കൂര്‍ പ്രസംഗം മാത്രമാണുള്ളത്. പെട്രോള്‍-ഡീസല്‍ വിലയില്‍ വര്‍ധന വരുത്തിയത് തിരിച്ചടിയാണ്.

ഇന്ധന നികുതിയിനത്തിലെ വര്‍ധന കേരളത്തിന് തിരിച്ചടിയാവും. ഏറ്റവും വലിയ ദൂഷ്യഫലം അനുഭവിക്കുന്നത് ഉപഭോക്തൃ സംസ്ഥാനമായ കേരളമാണ്. കാര്‍ഷിക-വ്യവസായിക മേഖലക്ക് ഈ ബജറ്റ് ഹാനികരം. പുതിയ തൊഴിലവസരങ്ങള്‍ക്കായി ഒരു പദ്ധതിയുമില്ല. ഇത്രയും നെഗറ്റീവായ ബജറ്റ് അടുത്ത കാലത്തൊന്നുമുണ്ടായിട്ടില്ലെന്നും ആന്റോ ആന്റണി പ്രതികരിച്ചു.

പുതിയ മോദി സര്‍ക്കാറിന്റെ കന്നി ബജറ്റ് നിരാശാജനകമെന്ന് ബെന്നി ബഹനാന്‍ എം.പിയും പ്രതികരിച്ചു. ബജറ്റില്‍ ഏറ്റവും കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കിയത് കോര്‍പറേറ്റ് മാനേജ്‌മെന്റുകള്‍ക്കാണുള്ളത്. സംസ്ഥാനസര്‍ക്കാരിന്റെ ആവശ്യങ്ങളൊന്നും പരിഗണിച്ചില്ല. തൊഴിലില്ലായ്മ പരിഹരിക്കാന്‍ ബജറ്റില്‍ യാതൊരു നിര്‍ദേശങ്ങളുമില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വര്‍ണത്തിന് കസ്റ്റംസ് തീരുവ 10ല്‍ നിന്ന് 12.5 ശതമാനമാക്കി ഉയര്‍ത്തി. പെട്രോളിനും ഡീസലിനും ഒരു രൂപ അധിക സെസ്ഈടാക്കും. റോഡ് സെസും എക്‌സൈസ് നികുതിയുമാണ് അധികമായി ഈടാക്കുന്നത്.

chandrika: