മലപ്പുറം: മുസ്‌ലിം ലീഗ് രാജ്യത്തെ മതനിരപേക്ഷ ജനാധിപത്യ വിശ്വാസികളോട് ഒന്നിച്ച് നില്‍ക്കാനാണ് എന്നും ആഹ്വാനം ചെയ്തിട്ടുള്ളത്. പ്രതിപക്ഷ ഐക്യനിര കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ട് പോവേണ്ട സുപ്രധാന സാഹചര്യമാണ് രാജ്യത്തുള്ളതെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാജ്യത്തിന്റെ അഖണ്ഡതയിലും നിലനില്‍പിലും വിശ്വസിക്കുന്ന എല്ലാ രാഷ്ട്രീയകക്ഷികളെയും ഭൂരിപക്ഷ ഫാസിസത്തിനെതിരെ ഒന്നിച്ചു നിര്‍ത്തുന്നതിനുള്ള കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുഎള്ള നീക്കങ്ങള്‍ക്ക് കരുത്തുപകരുന്ന നിലപാടാണ് എന്നും മുസ്‌ലിം ലീഗ് സ്വീകരിച്ചിട്ടുള്ളത്. ദേശീയ ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ പ്രതിപക്ഷനിര ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കാനും ഇതിനുവേണ്ടിയുള്ള കൂടിയാലോചനകളില്‍ സജീവമായി പങ്കെടുക്കാനും സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന 22 പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ മുസ്‌ലിം ലീഗിനെ പ്രതിനിധീകരിച്ച് ദേശീയ സെക്രട്ടറി ഖുറം അനീസ് ഉമര്‍ പങ്കെടുത്തിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് ദേശീയ തലത്തില്‍ പ്രചാരണ പരിപാടികള്‍ ഏകോപിപ്പിക്കുന്നതില്‍ ഖുറം അനീസ് പ്രശംസനീയമായ പങ്ക് വഹിച്ചു.
ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട ഭരണകൂടം തന്നെ അതിന്റെ അന്തകരായി മാറുന്നു എന്ന ആശങ്കകള്‍ക്കിടയിലാണ് രാജ്യം പോളിംഗ് ബൂത്തിലേക്ക് പോയത്. വര്‍ഷങ്ങളായുള്ള പരിശ്രമങ്ങളുടെയും ജനാധിപത്യ വിശ്യാസികളുടെ നിതാന്ത ജാഗ്രതയുടെയും ഫലമായി നിര്‍മ്മിക്കപ്പെട്ട ഭരണഘടനാസ്ഥാപനങ്ങളല്ലാം ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ തകൃതിയായി ഒരു ഭാഗത്ത് നടക്കുമ്പോള്‍ അതിനെതിരെ ഐക്യനിരരൂപപ്പെടേണ്ടതിന്റെ ആവശ്യകതയെപറ്റി മുസ്‌ലിം ലീഗ് പാര്‍ട്ടിക്ക് കൃത്യമായ ബോധ്യമുണ്ട്. പ്രതിപക്ഷ കക്ഷികള്‍ ഭിന്നിച്ചാല്‍ സംഘപരിവാര്‍ ശക്തികള്‍ക്ക് അവരുടെ വിധ്വംസക അജണ്ട നടപ്പാക്കാന്‍ എളുപ്പമാവുമെന്ന വിലയിരുത്തലിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന് മുസ്ലിംലീഗ് ദേശീയ കമ്മറ്റി ആഹ്വാനം ചെയ്തത്. മുസ്‌ലിം ലീഗ് പാര്‍ട്ടി തങ്ങള്‍ക്ക് ശക്തമായ സാന്നിദ്ധ്യമുള്ള കേരളത്തിലും തമിഴ്‌നാട്ടിലും രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യമതനിരപേക്ഷ കക്ഷിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കൂടി ഉള്‍പ്പെട്ട മുന്നണിയുടെ ഭാഗമായാണ് മല്‍സരിച്ചത്. പാര്‍ട്ടിക്ക് സ്വാധീനമുള്ള ജാര്‍ഖഢ്, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, ഡല്‍ഹി, മഹാരാഷ്ട്ര തുങ്ങിയ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി പേരിനൊരു മല്‍സരം കാഴ്ച്ചവെക്കാന്‍ തയ്യാറായതുമില്ല. ബിജെപി വിരുദ്ധ വോട്ടുകള്‍, അതെത്ര കുറവാണങ്കിലും, ഭിന്നിക്കരുത് എന്ന ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെയൊരു സമീപനം പാര്‍ട്ടി സ്വീകരിച്ചതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.