ബ്രൂവറിയില്‍ ആരോപണം ശക്തമാക്കി പ്രതിപക്ഷം; മദ്യകമ്പനിയുമായി എന്തുകൊണ്ട് രഹസ്യ ചര്‍ച്ച നടത്തിയെന്ന് പ്രതിപക്ഷ നേതാവ്

പാലക്കാട് കഞ്ചിക്കോട് സ്വകാര്യ കമ്പനിക്ക് ബ്രൂവറി-ഡിസ്റ്റ്ലറി യൂനിറ്റ് അനുവദിക്കാനുള്ള പിണറായി സർക്കാർ തീരുമാനത്തിനെതിരെ ആരോപണം കടുപ്പിച്ച് പ്രതിപക്ഷം. അഴിമതിക്ക് കുടപിടിക്കുന്നത് മുഖ്യമന്ത്രിയാണെന്നും മദ്യകമ്പനിയുമായി എന്തുകൊണ്ട് രഹസ്യ ചർച്ച നടത്തിയെന്നും വി.ഡി സതീശൻ ചോദിച്ചു. മദ്യനിർമാണശാലക്ക് അനുമതി നൽകിയതിനെതിരെ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുമെന്നും സതീശൻ വ്യക്തമാക്കി.

ഡൽഹി മദ്യനയ അഴിമതി കേസിൽ ഉൾപ്പെട്ട കമ്പനിയാണ് ഒയാസീസ്. കേസിൽ കമ്പനി ഉടമയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പഞ്ചാബിൽ കമ്പനിയുടെ പ്ലാന്‍റ് പ്രവർത്തിച്ച സ്ഥലത്ത് വലിയ മലനീകരണമുണ്ടായി. മാലിന്യങ്ങൾ കുഴൽകിണറിലൂടെ ഭൂമിക്കടിയിലേക്ക് അടിക്കുകയാണ് ചെയ്തത്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ താൻ ഉന്നയിച്ച രണ്ട് ആരോപണങ്ങൾക്ക് എക്സൈസ് മന്ത്രി എം.ബി രാജേഷ് മറുപടി പറയുന്നില്ല. ആരോപണത്തിന് മറുപടി പറയാതെ താനും രമേശ് ചെന്നിത്തലയും തമ്മിൽ തർക്കമാണെന്നാണ് മന്ത്രി പറയുന്നത്.

ബ്രൂവറി വിഷയത്തിൽ ശക്തമായ നിലപാടാണ് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല സ്വീകരിച്ചിരുന്നത്. അന്ന് താൻ ചെന്നിത്തലക്ക് ശക്തമായ പിന്തുണ നൽകി. ഇപ്പോഴത്തെ വിഷയത്തിലും ചെന്നിത്തലയുമായി കൂടിയാലോചന നടത്തുന്നുണ്ട്. മന്ത്രിക്ക് വേണ്ടി താനും ചെന്നിത്തലയും സംയുക്ത പത്രസമ്മേളനം നടത്താം. ചോദ്യത്തിന് ഉത്തരം പറയാൻ സാധിക്കാതെ വരുമ്പോൾ കൊഞ്ഞനം കുത്തി കാണിക്കുകയാണ് മന്ത്രിയെന്നും വി.ഡി സതീശൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

ബ്രൂവറിക്ക് അനുമതി നൽകിയത് ഭരണം തീരുന്നതിന് മുമ്പുള്ള സി.പി.എമ്മിന്‍റെ കടുംവെട്ടെന്ന് കോൺഗ്രസ് മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു. രാജഭരണത്തിൽ പോലും ഇത്തരം നീക്കം നടക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തിന്റെ വാതിലുകൾ സർക്കാർ മദ്യ മുതലാളിമാർക്ക് തുറന്ന് കൊടുത്തു. കേരളത്തിന് ആവശ്യമില്ലാത്ത പദ്ധതിയാണിത്. ടെൻഡർ പോലും വിളിക്കാതെയാണ് ഒയാസിസ് കമ്പനിക്ക് അനുമതി നൽകിയത്. എക്സൈസ് വകുപ്പ് സി.പി.എമ്മിന്‍റെ കറവപശുവാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

webdesk13:
whatsapp
line