X
    Categories: keralaNews

കായിക മന്ത്രിക്ക് അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും സ്വരം: പ്രതിപക്ഷനേതാവ് വിഡി സതീശന്‍

കേരളത്തില്‍ നടന്ന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം വന്‍വിജയമാക്കി തീര്‍ക്കേണ്ടതിന്റെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതായിരുന്നു. അന്താരാഷ്ട്ര മത്സരം നന്നായി നടത്തിയാല്‍ കൂടുതല്‍ മത്സരങ്ങള്‍ ലഭിക്കുകയും അതിലൂടെ കായിക മേഖലയ്ക്ക് മാത്രമല്ല സമ്പദ് വ്യവസ്ഥയ്ക്കും ഗുണമുണ്ടായേനെ എന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍.
എന്നാല്‍ പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ വരേണ്ടെന്നാണ് കായിക മന്ത്രി പ്രഖ്യാപിച്ചത്. കേരള രാഷ്ട്രീയത്തിന്റെ വരാന്തയില്‍ കയറി നിന്നിട്ടുള്ള ആരെങ്കിലും ഇങ്ങനെയൊരു പ്രസ്താവന നടത്തുമോ? അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും സ്വരത്തിലാണ് മന്ത്രി സംസാരിച്ചത്. കേരളത്തിന്റെ മനസാക്ഷിയെ വെല്ലുവിളിക്കുന്ന മന്ത്രിയുടെ പ്രഖ്യാപനത്തോടുള്ള കേരള ജനതയുടെ പ്രതികരണമാണ് ഇപ്പോള്‍ കണ്ടത്. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയാന്‍ മന്ത്രി തയാറാകണം. പട്ടിണി കിടക്കുന്ന പാവങ്ങളോട് പുച്ഛത്തോടെ പെരുമാറിയ മന്ത്രി ആ സ്ഥാനത്ത് തുടരാന്‍ പാടില്ല. അധികാരത്തിന്റെ അഹങ്കാരം ഉച്ചസ്ഥായിയില്‍ നില്‍ക്കുന്നതു കൊണ്ടാണ് ഇത്തരമൊരു പ്രതികരണമുണ്ടായത്.

കേരളത്തില്‍ ഗുണ്ടകളും മയക്ക് മരുന്ന് മാഫിയയും അഴിഞ്ഞാടുകയാണ്. തിരുവനന്തപുരത്ത് ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയ ചെറുപ്പക്കാരനെ രക്ഷിക്കാന്‍ പോയ പൊലീസിന് നേരെ ബേംബെറിഞ്ഞു. മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ അനുജനെ ഈ ഗുണ്ടാസംഘം കിണറ്റിലിട്ടു. ഗുണ്ടാ-ലഹരി മാഫിയാ സംഘങ്ങളുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പോലും ബന്ധമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടുണ്ട്. മയക്ക് മരുന്ന് മാഫിയയ്ക്ക് രാഷ്ട്രീയ രക്ഷാകര്‍തൃത്വമുണ്ടെന്ന് പ്രതപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയതാണ്. അതാണ് ആലപ്പുഴയില്‍ കണ്ടത്. ആലപ്പുഴയിലെ സി.പി.എം ജില്ലാ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ ലഹരി മാഫിയയ്ക്ക് പിന്നിലുണ്ട്. ലഹരിമരുന്ന് മാഫിയയ്ക്ക് പ്രദേശിക തലത്തില്‍ എല്ലാ പിന്തുണയും നല്‍കുന്നത് സി.പി.എമ്മാണ്. ജീര്‍ണത ബാധിച്ചിരിക്കുന്ന പാര്‍ട്ടിയായി സി.പി.എം മാറിയിരിക്കുകയാണ്. അപകടകരമായ നിലയില്‍ അണികളും നേതാക്കളും ഭരണത്തെ ദുരുപയോഗം ചെയ്യുകയാണ്. അതിന്റെ ഇരകളായി മാറുന്നത് കേരളമാണ്.

പാര്‍ട്ടി തന്നെ പൊലീസും കോടതിയുമായി മാറുകയാണ്. സാധാരണക്കാരായ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നിരവധി പേരുടെ അശ്ലീലവീഡിയോ ഫോണില്‍ സൂക്ഷിച്ചയാളെ പാര്‍ട്ടി താക്കീത് ചെയ്താല്‍ മതിയോ? പരാതി പൊലീസിന് കൈമാറി നടപടിയെടുക്കണം. എല്ലാ കേസിലും പാര്‍ട്ടി തന്നെ കോടതിയായി മാറുകയാണ്. ലഹരിമരുന്ന് കേസിലും പ്രധാന പ്രതിയെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. അധികാരം എത്രമാത്രം പാര്‍ട്ടിയെ ദുഷിപ്പിച്ചെന്ന് വ്യക്തമാക്കുന്നതാണ് ആലപ്പുഴയിലെ സംഭവങ്ങള്‍. നേതാക്കള്‍ രണ്ട് ചേരിയായി തിരിഞ്ഞ് സാമൂഹിക വിരുദ്ധരെ പ്രോത്സാഹിപ്പിക്കുകയാണ്. ഇരുസംഘങ്ങളും പരസ്പരം ഒറ്റിയപ്പോഴാണ് കാര്യങ്ങളെല്ലാം പുറത്തായത്.

ഇതൊക്കെ കണ്ടിട്ടും മുഖ്യമന്ത്രി ഒന്നും മിണ്ടാതിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് എല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാണ്. ഒറ്റപ്പെട്ട സംഭവങ്ങള്‍ എണ്ണിത്തീര്‍ക്കാന്‍ കൗണ്ടിംഗ് മെഷീന്‍ വാങ്ങേണ്ട അവസ്ഥയാണ്. നമ്മുടെ കുഞ്ഞുങ്ങളെ അപകടത്തിലാക്കുന്ന സ്ഥിതിയിലേക്ക് കേരളം പോകുകയാണ്. ലഹരി- ഗുണ്ടാ മാഫിയകള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കാനും സി.പി.എം സാമൂഹിക വിരുദ്ധ സംഘങ്ങളുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിക്കാനും തയാറായില്ലെങ്കില്‍ അതിശക്തമായ സമരവുമായി യു.ഡി.എഫും കോണ്‍ഗ്രസും മുന്നോട്ട് പോകും.

Chandrika Web: