യു.എ.ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു. കാലത്തിനനുസരിച്ച് രാജ്യത്തെ വികസനത്തിലേക്ക് പുരോഗമന ചിന്താധാരയിലേക്കും നയിച്ച ഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്ന് അദ്ദേഹം പറഞ്ഞു.
ഭരണത്തില്‍ വനിതകള്‍ക്കും തുല്യ പരിഗണന നടപ്പാക്കിയ ഭരണാധികാരിയായിരുന്നു അദ്ദേഹം. യു.എ.ഇയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിതാ മന്ത്രിയെയും വനിതാ ജഡ്ജിയെയും നിയമിക്കുകയും സര്‍ക്കാരിലെ ഉന്നത പദവികളില്‍ സ്ത്രീകള്‍ക്കു 30% പ്രതിനിധ്യം നല്‍കിയതും ഖലീഫ പുലര്‍ത്തിയിരുന്ന പുരോഗമന കാഴ്ചപ്പാടുകളുടെ അടയാളമായാണ് വിലയിരുത്തപ്പെടുന്നത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളോടും കരുതലോടെയുള്ള സമീപനമായിരുന്നു ശൈഖ് ഖലീഫയ്‌ക്കെന്നും യു.എ.ഇ ജനതയുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും വി.ഡി സതീശന്‍ പറഞ്ഞു.