പി.ടി.തോമസിനെ അനുസ്മരിച്ച് നിയമസഭ.അന്തരിച്ച കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായിരുന്ന പി.ടി.തോമസിനെ നിയമസഭയില്‍ അനുസ്മരിച്ചു.
തനതായ നിലപാടുള്ള നേതാവായിരുന്നു പി.ടി.തോമസ് എന്ന് മുഖ്യമന്ത്രി പറഞ്ഞു.ചിലപ്പോള്‍ അത് വ്യക്തിനിഷ്ഠമായി വന്നിരിക്കാം എങ്കില്‍ പോലും അതൊക്കെ അദ്ദേഹത്തിന്റെ ഉറച്ച നിലപാട് തന്നെയായിരുന്നു. അതിനോട് യോജിക്കുന്നവരും വിയോജിക്കുന്നവരുമുണ്ടാവാം അദ്ദേഹം പറഞ്ഞു.പാര്‍ട്ടിക്കും മുന്നണിക്കും പൊതുരാഷ്ട്രീയ മണ്ഡലത്തിനും വിരുദ്ധമായ നിലപാടുകള്‍ പലപ്പോഴും പരിസ്ഥിതി സംരക്ഷണ വിഷയങ്ങളില്‍ അദ്ദേഹം കാണിച്ചു. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കാനും അതിനായി വാദിക്കാനും അദ്ദേഹം ധൈര്യം കാണിച്ചു.കേരളത്തിന്റെ രാഷ്ട്രീയ പൊതുമണ്ഡലത്തെ ആകെ വേദനിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ വിയോഗം മുഖ്യമന്ത്രി പറഞ്ഞു.
വിഡി സതീശന്‍ (പ്രതിപക്ഷ നേതാവ്)
ഒരു കാലത്ത് മനുഷ്യന്‍ കടന്നു ചെല്ലാന്‍ ബുദ്ധിമുട്ടിയ ഇടുക്കിയിലെ ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നുമാണ് കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയമണ്ഡലങ്ങളില്‍ ഇടിമുഴക്കം സൃഷ്ടിച്ചാണ് അദ്ദേഹം കടന്നു പോയത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം കേരളത്തിലെ വിദ്യാര്‍ത്ഥി – യുവജനരാഷ്ട്രീയത്തിലെ അഗ്‌നിയായിരുന്നു പിടി തോമസ്. അവസാനകാലം വരെ ആ തീ അദ്ദേഹം കെടാതെ സൂക്ഷിച്ചു. ഏറ്റെടുക്കുന്ന ചുമതല എന്തുമാവട്ടെ അതിന്റെ പൂര്‍ണമായ സാക്ഷാത്കാരത്തിന് വേണ്ടി യത്‌നിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. പിടി തോമസ് ഇല്ലാത്ത ഈ നിയമസഭയെ ഉള്‍ക്കൊള്ളാന്‍ ഇപ്പോഴും യുഡിഎഫിനായിട്ടില്ല പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.
മതേതര നിലപാടില്‍ വിട്ടുവീഴ്ച ചെയ്യാത്ത നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു. ശരികളില്‍ വിട്ടുവീഴ്ച ചെയ്യാത്ത മികച്ച സാമാജികനായിരുന്നു പി.ടി തോമസെന്ന് സ്പീക്കര്‍ എം.ബി.രാജേഷ് പറഞ്ഞു.
മരണത്തില്‍ അനുശോചിച്ച് സഭ ഇന്നത്തേക്ക് പിരിഞ്ഞു.ഔദോ്യഗിക സഭ നടപടികളിലേക്ക് നാളെ മുതല്‍ കടക്കും.
ഗവര്‍ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയം നാളെ അവതരിപ്പിക്കും. നാളെ മുതല്‍ 24 വരെ നടക്കുന്ന ചര്‍ച്ചകള്‍ക്കു ശേഷം നന്ദി പ്രമേയം പാസാക്കും. 25 മുതല്‍ മാര്‍ച്ച് 10 വരെ സഭ സമ്മേളിക്കില്ല. മാര്‍ച്ച് 11 നാണ് ബജറ്റ് നടക്കുന്നത്.