X

ദുരിതാശ്വാസ ഫണ്ടുപയോഗിച്ച് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രക്കെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ടുപയോഗിച്ച് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് പാര്‍ട്ടി സമ്മേളന വേദിയില്‍ നിന്ന് ഹെലികോപ്റ്ററില്‍ തലസ്ഥാനത്തെത്താന്‍ ദുരിതാശ്വാസ ഫണ്ടിലെ തുക ഉപയോഗിച്ചത് അക്ഷരാര്‍ത്ഥത്തില്‍ പിച്ചച്ചട്ടിയില്‍ കയ്യിട്ട് വാരുന്നത് പോലെയായി എന്നാണ് പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചത്.

കൈയ്യോടെ പിടിച്ചത് കൊണ്ടാണ് ഇപ്പോള്‍ ഉത്തരവ് റദ്ദാക്കി സര്‍ക്കാര്‍ തടിതപ്പിയത്. എന്നാലും കളവ് കളവല്ലാതാകുന്നില്ല. ദുരിത ബാധിതര്‍ക്ക് വേണ്ടി ഉപയോഗിക്കേണ്ട പണം ഇത്തരത്തില്‍ യാത്ര നടത്താന്‍ മുഖ്യമന്ത്രി ഉപയോഗിച്ചത് അതീവ ദൗര്‍ഭാഗ്യകരമായി പോയി.

പ്രകൃതിക്ഷോഭം മൂലമുള്ള ദുരിതാശ്വാസത്തിനായി വകയിരിത്തിയിരിക്കുന്ന തുകയില്‍ നിന്നാണ് ഹെലികോപ്റ്റര്‍ യാത്രക്കായി എട്ട് ലക്ഷം രൂപ മുഖ്യമന്ത്രി ചിലവഴിച്ചത്. ഈ മാസം ആറാം തീയതിയാണ് സ്വകാര്യ ഹെലികോപ്റ്റര്‍ കമ്പനിക്ക് പണം നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയത്.എന്നാല്‍ അത് കയ്യോടെ കണ്ട് പിടിച്ചപ്പോള്‍ ഉത്തരവ് റദ്ദാക്കി തടിയൂരുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

chandrika: