തിരുവനന്തപുരം: പൊലീസിന്റെ അനാസ്ഥയും സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയും കൊണ്ടാണ് സംസ്ഥാനത്ത് സദാചാര ഗുണ്ടായിസം പെരുകുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിയമസഭയിലെ വാക്കൗട്ട് പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സംസ്ഥാനത്ത് നിര്‍ഭയം സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
കേരളത്തിന്റെ ആത്മാഭിമാനത്തെ സ്പര്‍ശിക്കുന്ന വിധത്തില്‍ സാമൂഹ്യവിരുദ്ധരും ഗുണ്ടകളും സദാചാര പൊലീസും അഴിഞ്ഞാടുമ്പോള്‍ മൗനമായിരിക്കുന്ന ഒരു മുഖ്യമന്ത്രിയെയാണ് കാണുന്നത്. സാരോപദേശം കൊണ്ടൊന്നും കാര്യമില്ല. ശക്തമായ നടപടി സ്വീകരിക്കേണ്ട കാര്യത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. വിശ്വസിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് ഓരോ ദിവസവും കേട്ടുകൊണ്ടിരിക്കുന്നത്. ഒരു ഭാഗത്ത് പിഞ്ചു കുഞ്ഞുങ്ങള്‍ ചീന്തിയെറിയപ്പെടുന്നു. ഓടുന്ന വാഹനത്തില്‍ മാനഭംഗത്തിന് ഇരയാകുന്നു. ദൈവത്തിന്റെ പ്രതിപുരുഷന്‍ തന്നെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കുന്നു. ഇതിന്റെയൊക്കെ ഞെട്ടലില്‍ കേരളം മരവിച്ചു നില്‍ക്കുകയാണ്. ആ സാഹചര്യത്തില്‍ മറൈന്‍ ഡ്രൈവില്‍ ശിവസേനയുടെ നേതൃത്വത്തിലുണ്ടായ കാട്ടാളത്തം സാസ്‌കാരിക കേരളത്തിന് സംഭവിച്ച ഏറ്റവും വലിയ അപമാനമാണ്. എല്‍.ഡി.എഫ്. ഭരണത്തിന്റെ കീഴില്‍ ആര്‍ക്കും എന്ത് തോന്ന്യാസവുമാകാമെന്നുള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇതെന്നും രമേശ് ചൂണ്ടിക്കാട്ടി.
ശിവസേനക്കാരുടെ നീക്കത്തെ കുറിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നുവെന്നാണ് വാര്‍ത്തകള്‍ വന്നത്. ഇത്തരമൊരു റിപ്പോര്‍ട്ട് കിട്ടിയിട്ടും പൊലീസ് എന്തുകൊണ്ട് നടപടി എടുത്തില്ല. പൊലീസും എസ്.ഐ.യും ഈ സംഭവം നോക്കിനില്‍ക്കുകയായിരുന്നു. ഇത് ബോംബെയോ ബാല്‍താക്കറെയുടെ നാടോ അല്ലെന്ന് സദാചാരത്തിന്റെ മൊത്തക്കച്ചവടം ഏറ്റെടുക്കുന്ന ശിവസേനക്കാര്‍ ഓര്‍ക്കണം. ഇത്തരം ഫാസിസ്റ്റ് നടപടികള്‍ കേരളത്തില്‍ അനുവദിക്കാന്‍ പാടില്ലാത്തതാണ്.
കേരളത്തില്‍ ഗുണ്ടകള്‍ക്ക് ചൂട്ട് പിടിക്കുന്ന പൊലീസ് ശിവസേനയ്ക്ക് കുടപിടിച്ചു കൊടുക്കുകയാണ് ചെയ്തത്. യൂണിവേഴ്‌സിറ്റി കോളജിലെ സദാചാര ഗുണ്ടകളായ എസ്.എഫ്.ഐ.ക്കാര്‍ക്ക് നേരെ പൊലീസ് നടപടിയെടുത്തില്ല. മഹാരാജാസ് കോളജിലെ പ്രിന്‍സിപ്പലിന്റെ ശവസംസ്‌കാരം പ്രതീകാത്മകമായി നടത്തിയ അതേ വിഭാഗക്കാര്‍ തന്നെയാണ് യൂണിവേഴ്‌സിറ്റി കോളജില്‍ സദാചാരഗുണ്ടായിസം നടത്തിയത്. നിലമ്പൂരില്‍ മാധ്യമപ്രവര്‍ത്തകയെയും സഹോദരനെയും സുഹൃത്തിനെയും സദാചാരഗുണ്ടകള്‍ ആക്രമിച്ച സംഭവം, തിരുവനന്തപുരം മ്യൂസിയത്ത് പിങ്ക് പൊലീസ് പാവപ്പെട്ട ചെറുപ്പക്കാരെ അക്രമിച്ച സംഭവം, കൊടുങ്ങല്ലൂരില്‍ മധ്യവയസ്‌കനെ വൈദ്യുതിത്തൂണില്‍ കെട്ടിയിട്ട് അടിച്ച സംഭവം. ഇതെല്ലാം പൊലീസിന്റെ നിഷ്‌ക്രിയത്വമാണ് തെളിയിക്കുന്നതെന്നും രമേശ് പറഞ്ഞു.