X
    Categories: CultureMoreViews

ബി.ജെ.പിയുടെ നീക്കങ്ങള്‍ പൊളിക്കാന്‍ പുതിയ തന്ത്രവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യം പൊളിക്കാനുള്ള ബി.ജെ.പി തന്ത്രത്തിനെതിരെ മറുനീക്കവുമായി കോണ്‍ഗ്രസ്. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാണിക്കാതെ തെരഞ്ഞെടുപ്പ് നേരിടാനാണ് കോണ്‍ഗ്രസ് തീരുമാനം. രാഹുല്‍ ഗാന്ധിയെ ഉയര്‍ത്തിക്കാട്ടിയാല്‍ ഇത് മുതലെടുത്ത് ബി.ജെ.പി പ്രതിപക്ഷ സഖ്യത്തില്‍ ഭിന്നതയുണ്ടാക്കാനുള്ള സാധ്യത മൂന്‍കൂട്ടി കണ്ടാണ് കോണ്‍ഗ്രസ് നീക്കം.

മമതാ ബാനര്‍ജി, മായാവതി തുടങ്ങിയ നേതാക്കളെല്ലാം അനുകൂലമായ സാഹചര്യം വന്നാല്‍ പ്രധാനമന്ത്രി പദം സ്വപ്‌നം കാണുന്നവരാണ്. അതുകൊണ്ട് തന്നെ ഒരു കോണ്‍ഗ്രസ് നേതാവിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാണിച്ചാല്‍ അത് തിരിച്ചടിയാകുമെന്ന് കോണ്‍ഗ്രസ് മനസിലാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വിശാല പ്രതിപക്ഷ സഖ്യം രൂപീകരിക്കുക എന്നതിന് മാത്രമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്.

ബി.എസ്.പി, എസ്.പി, ആര്‍.ജെ.ഡി, ആര്‍.എല്‍.ഡി, എന്‍.സി.പി തുടങ്ങിയ പാര്‍ട്ടികളുമായി കോണ്‍ഗ്രസ് ധാരണയിലെത്തിയിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ് തുടങ്ങിയ പാര്‍ട്ടികളേയും കൂടെക്കൂട്ടാനാവുമെന്ന് ഉറച്ച പ്രതീക്ഷയും കോണ്‍ഗ്രസിനുണ്ട്.
ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ബീഹാര്‍, തമിഴ്‌നാട്, കേരളം, പഞ്ചാബ് എന്നിവിടങ്ങളില്‍ സഖ്യകക്ഷികളെ കോണ്‍ഗ്രസ് ഏകദേശം തീരുമാനിച്ചിട്ടുണ്ട്. ജാര്‍ഖണ്ഡില്‍ ജെ.എം.എമ്മുമായും തമിഴ്‌നാട്ടില്‍ ഡി.എം.കെയുമായും സഖ്യം തീരുമാനിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ ചെറുകക്ഷികളുമായി ധാരണയിലെത്താനുള്ള നീക്കങ്ങളും നേതൃത്വം തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടി സഖ്യത്തില്‍ അസ്വാരസ്യം സൃഷ്ടിക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ ഇത്തവണ വലിയ മുന്നേറ്റം നടത്താനാവുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. നിര്‍ണായകമായ ഉത്തര്‍പ്രദേശില്‍ എസ്.പി, ബി.എസ്.പി, ആര്‍.എല്‍.ഡി കക്ഷികളെ ഒരുമിപ്പിച്ച് സഖ്യം രൂപീകരിക്കുന്നതിലൂടെ ബി.ജെ.പിക്ക് വലിയ തിരിച്ചടി നല്‍കാനാവുമെന്ന പ്രതീക്ഷയും കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്.

അടുത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ അധികാരത്തിലെത്താനാവുമെന്ന പ്രതീക്ഷയും കോണ്‍ഗ്രസിനുണ്ട്. ഇവിടങ്ങളിലും ഒരാളേയും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടേണ്ടെന്നാണ് കോണ്‍ഗ്രസ് തീരുമാനം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: